‘മുന്നണി മാറ്റത്തിന് തടയിട്ടത് റോഷി അഗസ്റ്റിൻ’; സിപിഎം ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്

#മാതൃഭൂമി ന്യൂസ്
ജോസ് കെ മാണി, സി.വി. വർഗീസ്, റോഷി അഗസ്റ്റിൻ | Photo: Mathrubhumi
ജോസ് കെ മാണി, സി.വി. വർഗീസ്, റോഷി അഗസ്റ്റിൻ | Photo: Mathrubhumi

തൊടുപുഴ: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന വെളിപ്പെടുത്തലുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. പാർട്ടി കമ്മിറ്റിയിൽ സി.വി. വർഗീസ് നടത്തിയതെന്ന് കരുതുന്ന പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം തടയാനായത് സി.പി.എമ്മിന്റെ വലിയൊരു രാഷ്ട്രീയ വിജയമായാണെന്ന് ശബ്ദരേഖയിൽ സി.വി. വർഗീസ് പറയുന്നു.

ശരിയായ നിലപാടെടുക്കാൻ റോഷി അഗസ്റ്റിന് ആവശ്യമായ പിന്തുണയും പിൻബലവും നൽകിയത് സിപിഎം ആണെന്ന് സി.വി. വർഗീസ് തന്റെ പ്രസംഗത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. ജോസ് കെ. മാണി മുന്നണി വിടാൻ തയ്യാറെടുക്കുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ, റോഷി ഉൾപ്പെടെയുള്ളവർ എടുത്ത നിലപാടാണ് പാർട്ടിയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തിയത്. ഇടുക്കി ജില്ലയിൽ നിന്നുള്ള പ്രധാന നേതാവായ റോഷി അഗസ്റ്റിന്റെ ഈ ഇടപെടൽ അതീവ പ്രാധാന്യത്തോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തുന്നത്.

നേരത്തെ, കേരള കോൺഗ്രസിനുള്ളിൽ തന്നെ മുന്നണി മാറ്റത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിൽ മാധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പാർട്ടിയുടെ അഞ്ച് എംഎൽഎമാരും ചേർന്ന് വാർത്താ സമ്മേളനം നടത്തി ഇത്തരം വാർത്തകളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. ഇതിനിടയിലാണ് സി.വി. വർഗീസിന്റെ ശബ്ദരേഖ പുറത്തുവരുന്നത്. ശബ്ദരേഖ അദ്ദേഹം നിഷേധിച്ചിട്ടില്ല. പാർട്ടി കമ്മിറ്റിയിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Content Highlights: CPM Idukki District Secretary reveals Roshi Augustine`s role in stopping Kerala Congress (M) from exiting the Left Democratic Front. Audio leak confirms CPM`s support.