ഹരിഹരന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം: സിപിഎമ്മിനെതിരെ ആര്‍.എം.പിയും കോണ്‍ഗ്രസും

#സ്വന്തം ലേഖിക
എന്‍. വേണു, കെ പ്രവീണ്‍കുമാര്‍ | Mathrubhumi archives
എന്‍. വേണു, കെ പ്രവീണ്‍കുമാര്‍ | Mathrubhumi archives

കോഴിക്കോട്: ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പിയും കോൺഗ്രസും. കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായത് കണ്ണൂർ മോഡൽ ഇടപെടലാണെന്നും ജൂൺ നാലിന് ശേഷം വടകരയിൽ കലാപമുണ്ടാക്കാനാണ് സി.പി.എമ്മിൻ്റെ ശ്രമമെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണു ആരോപിച്ചു. തെറ്റായ പരാമർശത്തിന് കേരളം കണ്ട ഏറ്റവും നല്ല നിലപടാണ് ഹരിഹരൻ്റെ പരസ്യമായ ഖേദ പ്രകടനമെന്ന് ഡി.സി.സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. 

'വടകരയിൽ ഹൈന്ദവ വോട്ടുകൾ ലക്ഷ്യമാക്കിയുള്ള പ്രചാരണ തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. ഈ രീതി വടകരയിൽ മുമ്പൊന്നും ഉണ്ടായിട്ടില്ല. ഹരിഹരൻ്റെ പരാമർശം ന്യായീകരിക്കുന്നില്ല. അദ്ദേഹം തന്നെ മാപ്പ് പറഞ്ഞ് അത് തിരുത്തി. അവിടെ കൊണ്ട് പ്രശ്നം അവസാനിക്കണമായിരുന്നു. എന്നാൽ പി മോഹനൻ പറഞ്ഞത് മാപ്പ് കൊണ്ട് അവസാനിക്കില്ല എന്നാണ്. അതിൻ്റെ തുടർച്ചയാണ് ഹരിഹരൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. അക്രമം ഗൂഡാലോചനയുടെ ഭാഗമാണ്.ഈ രീതിയിൽ നിന്ന് സി.പി.എം തിരിച്ചു പോകണം' - എൻ വേണു പറഞ്ഞു.

കണ്ണൂർ രഷ്ട്രീയ സംസ്കാരം കേരളമാകെ വ്യാപിപ്പിക്കരുത്. സി പി എം നേതാക്കളുടെ അറിവോടെയാണ് അക്രമം. പാനൂർ ബോംബ് സ്ഫോടനത്തിൻ്റെ തുടർച്ചയാണിത്. ഹരിഹരനെതിരെ നടപടി വേണോ എന്നത് പാർട്ടി  ഘടകം ചർച്ചചെയ്യും. വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ഹരിഹരനെ വിളിക്കുകയും മാപ്പ് പറയാൻ ആവശ്യപ്പെടുയും ചെയ്തെന്നും വേണു കൂട്ടിച്ചേർത്തു.

ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു ഹരിഹരൻ്റെ പരാമര്‍ശമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. തെറ്റായ പരാമർശത്തിന് കേരളം കണ്ട ഏറ്റവും നല്ല നിലപടാണ് ഹരിഹരൻ്റ പരസ്യമായ ഖേദ പ്രകടനം. കെ.കെ രമയെ പരസ്യമായ അപമാനിച്ച ആരെങ്കിലും ഇതുവരെ മാപ്പു പറഞ്ഞതായി കണ്ടിട്ടുണ്ടോ? വെണ്ണപ്പാളി പരാമർശം പോലും ഇതുവരെ തിരുത്തിയിട്ടില്ല. ഖേദ പ്രകടനത്തിലൂടെ പ്രശ്നം തീരില്ല എന്ന് പി മോഹനൻ പറഞ്ഞത് ഹരിഹരൻ്റെ വീട്ടിൽ ബോംബ് സ്ഫോടനം നടത്താനുള്ള ആഹ്വാനമായിരുന്നു. പോലീസ് ശക്തമായ അന്വേഷണം നടത്തണം - ഡി.സി.സി പ്രസിഡൻ്റ്  കെ പ്രവീൺ കുമാർ പ്രതികരിച്ചു.

വടകരയിൽ ഷാഫി പറമ്പിൽ  ജയിക്കും, പിന്നീട് സി പി എം എന്തൊക്കെ അക്രമം നടത്തുമെന്നുമുള്ള ആശങ്കയിലാണ് കോൺഗ്രസ്. വടകരയിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. കാഫിർ പരാമർശത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ആഭ്യന്തര വകുപ്പ് പ്രതിയെ കണ്ടെത്തിയില്ലെങ്കിൽ വടകരയിൽ സി പി എം ആഹ്വാനം ചെയ്യുന്ന കലാപമുണ്ടാകും. പ്രതിയെ പോലീസ് കണ്ടുപിടിച്ചില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഹരിഹരൻ്റെ വീട്ടിൽ പൊട്ടിയ ബോംബ്  കലാപത്തിൻ്റെയും അക്രമണത്തിൻ്റെയും ആഹ്വാനമാണെന്നും പ്രവീൺ കുമാർ പ്രതികരിച്ചു.

ഞായറാഴ്ച രാത്രി ഏട്ടേകാലോടെയായിരുന്നു  തേഞ്ഞിപ്പലം ഒലിപ്രംകടവിലെ ഹരിഹരന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞത്. ഞായറാഴ്ച  ഉച്ചയോടെയാണ് വടകര രജിസ്‌ട്രേഷനിലെ കാറില്‍ എത്തിയ സംഘം വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത്

ശനിയാഴ്ച വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ  പരാതി നല്‍കുകയും ചെയ്തിരുന്നു. വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. 'സി.പി.എം. വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യു.ഡി.എഫും ആര്‍.എം.പി.ഐയും വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം. 

Content Highlights: rmp and congress accuses cpm on rmp leader ks hariharan's house attack