കേരളത്തിൽ കോൺഗ്രസ് ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം ഉറപ്പ്, മൺസൂൺപോലെ മാറ്റത്തിന്റെ കാറ്റ് ഡൽഹിയിലെത്തും-രേവന്ത്

#ന്യൂസ് ഡെസ്ക്
സവിനയം... നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് പുരസ്കാരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യിൽനിന്ന് സ്വീകരിച്ചശേഷം ശിരസ്സുനമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി. കെ.സി. ജോസഫ്, പി.ടി. അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., മന്ത്രി എ.പി. അനിൽകുമാർ, കെ.പി. അബ്‌ദുൾ മജീദ്, എം.എം. ഹസ്സൻ എന്നിവർ സമീപം
സവിനയം... നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് പുരസ്കാരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യിൽനിന്ന് സ്വീകരിച്ചശേഷം ശിരസ്സുനമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി. കെ.സി. ജോസഫ്, പി.ടി. അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., മന്ത്രി എ.പി. അനിൽകുമാർ, കെ.പി. അബ്‌ദുൾ മജീദ്, എം.എം. ഹസ്സൻ എന്നിവർ സമീപം

നിലമ്പൂർ: കേരളത്തിലെ രാഷ്‌ട്രീയമാറ്റത്തിന്റെ കാറ്റ് കേന്ദ്രത്തിൽ സുനാമിയായി ആഞ്ഞടിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മൺസൂൺ കേരളത്തിൽ ആരംഭിച്ച് അത് കർണാടകയിലും തെലങ്കാനയിലും യു.പി.യിലും ബംഗാളിലും ഒടുവിൽ ഡൽഹിയിലുമെത്തുന്നതാണ് പതിവ്.

കേരളത്തിൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ വന്നപ്പോഴൊക്കെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേന്ദ്രഭരണം ലഭിച്ചതാണ് ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ മുഹമ്മദ് പുരസ്‌കാരം എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിൽനിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നും മതേതരനിലപാട് മുറുകെ പിടിക്കുന്നവരുടെ നാടാണ് കേരളം. ഭാരത് ജോഡോ യാത്രയിൽ താൻ കേരളത്തിൽ വന്നിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെത്തി 'നീ പോ മോനേ വിജയാ' എന്ന് പറഞ്ഞു. ആ സർക്കാരിനെ മാറ്റി നിങ്ങൾ കോൺഗ്രസ് സർക്കാരിനെ കൊണ്ടുവന്നു. 2006-ൽ ജില്ലാപഞ്ചായത്തംഗമായ താൻ 20 വർഷംകൊണ്ട് എം.എൽ.എ.യും എം.പി.യും പി.സി.സി. വർക്കിങ് പ്രസിഡന്റും പി.സി.സി. പ്രസിഡന്റുമായി.

പടിപടിയായി 20 വർഷംകൊണ്ടാണ് തെലങ്കാനയുടെ എം.എൽ.എ.യായത്. തന്റെ രാഷ്‌ട്രീയവഴിയിൽ തണലായത് രാഹുൽഗാന്ധിയും കെ.സി. വേണുഗോപാലുമാണ്.

രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണമെന്നതാണ് ജീവിതത്തിൽ അവശേഷിക്കുന്ന ആഗ്രഹം. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി ഇതിനുവേണ്ടി പൊരുതും.

ജീവിതത്തിലുടനീളം മതേതരനിലപാട് ഉയർത്തിപ്പിടിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്യാടൻ മുഹമ്മദിന്റെ മകൻ കെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യാണ് രേവന്ത്‌ റെഡ്ഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

Content Highlights: Telangana CM Revanth Reddy received the Aryadan Muhammed Award from KC Venugopal., Stated that political shifts in Kerala historically lead to Congress winning power at the Centre.