പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; കണ്ടെത്തേണ്ടത് അമ്പതോളം പേരെ

പെട്ടിമുടി ദുരന്തത്തില്‍ സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനം. ഫോട്ടോ: ഷഹീര്‍ സി.എച്ച്
പെട്ടിമുടി ദുരന്തത്തില്‍ സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനം. ഫോട്ടോ: ഷഹീര്‍ സി.എച്ച്

തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. 

അപകടത്തില്‍ 17 പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 

ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. 

Content Highlights: Rescue operation in Pettimudi is to be restored soon 

Content Highlights: