ആർ.സി.സി.യിൽ ചികിത്സാപ്പിഴവെന്ന് പരാതി; കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞ് അത്യാസന്നനിലയിൽ

#ന്യൂസ് ഡെസ്ക്
വിധാന്റെ കൈ അണുബാധയുണ്ടായി ഗുരുതരാവസ്ഥയിൽ
വിധാന്റെ കൈ അണുബാധയുണ്ടായി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: രക്താർബുദം ബാധിച്ച് ആർ.സി.സി.യിൽ കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞ് കൈയിൽ അണുബാധയുണ്ടായി ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററിലാണ്. കുഞ്ഞിന്റെ ക്യാനുല ഇട്ട കൈയിൽ ബി.പി. മെഷീൻ വെച്ച് രക്തസമ്മർദം നോക്കിയതുകാരണം രക്തക്കുഴലുകൾക്ക് ക്ഷതവും അണുബാധയുമുണ്ടായി ദിവസങ്ങളോളം ചികിത്സ കിട്ടിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.

കൊല്ലം മങ്ങാട് സ്വദേശികളായ വിഷ്ണുവിന്റെയും വീണയുടെയും മകൻ വിധാനാണ് അഞ്ചുദിവസമായി വെന്റിലേറ്ററിൽ കഴിയുന്നത്. മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലും പാതോളജി റിപ്പോർട്ടിലും കുഞ്ഞിന്റെ കൈയിലെ രക്തക്കുഴലിൽ ക്ഷതവും അണുബാധയും ഉണ്ടായെന്ന് വ്യക്തമാകുന്നു.

സെപ്റ്റംബറിൽ കൊച്ചി അമൃത ആശുപത്രിയിൽവെച്ച് രക്താർബുദം സ്ഥിരീകരിച്ച കുഞ്ഞിനെ സെപ്റ്റംബർ 24-നാണ് കീമോതെറാപ്പിക്കായി ആർ.സി.സി.യിലെത്തിച്ചത്. ഒക്ടോബർ 14-ന് ആദ്യഘട്ട കീമോചികിത്സ കഴിഞ്ഞു. 19-ന് മരുന്ന് നൽകാൻ ഇടതുകൈയിൽ ക്യാനുല ഇടുകയും ആ കൈയിൽത്തന്നെ രക്തസമ്മർദം നോക്കുകയും ചെയ്തു. ബി.പി. നോക്കാനായി മർദം കൊടുത്തതിനുപിന്നാലെ കൈ നീലനിറമാകുകയും നീരുവെച്ച് തുടങ്ങുകയും ചെയ്തു.

ഇക്കാര്യം അപ്പോൾത്തന്നെ ഡോക്ടർമാരെയും നഴ്സുമാരെയും അറിയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് കുഞ്ഞിന്റെ അച്ഛൻ വിഷ്ണു പറഞ്ഞു. തുടർന്ന് നീര് വ്യാപിക്കുകയും അണുബാധയുണ്ടാകുകയും ചെയ്തു. ഈ അവസ്ഥയിൽ കുഞ്ഞ് ഒൻപതുദിവസമാണ് ചികിത്സ കിട്ടാതെ കഴിഞ്ഞത്.

തുടർന്ന് മാതാപിതാക്കൾ ആർ.സി.സി. ഡയറക്ടറെ കണ്ട് പരാതിപ്പെട്ടപ്പോഴാണ് മെഡിക്കൽ ബോർഡ് കൂടി കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്താൻ നിർദേശം നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞശേഷം കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. കുഞ്ഞിന്റെ കൈയുടെ മുകൾഭാഗംമുതൽ താഴെവരെ കീറിയ നിലയിലാണ് അവസാനം കണ്ടതെന്ന് വിഷ്ണു പറഞ്ഞു. ഹൃദയത്തിന്റെ പ്രവർത്തനത്തിന് തകരാറുണ്ടെന്ന്‌ അറിയിച്ചതായും വിഷ്ണു പറഞ്ഞു.

ആഭ്യന്തര അന്വേഷണം നടക്കുന്നു - ആർ.സി.സി. ഡയറക്ടർ

വിധാന്റെ ചികിത്സ സംബന്ധിച്ച മാതാപിതാക്കളുടെ പരാതിയിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചശേഷം വിശദാംശങ്ങൾ അറിയിക്കാമെന്നും ആർ.സി.സി. ഡയറക്ടർ ഡോ. രജനീഷ് കുമാർ പറഞ്ഞു.

Content Highlights: A toddler suffering from blood cancer is on ventilator support at RCC, Thiruvananthapuram., Parents allege severe medical negligence after a blood pressure cuff was used on the cannulated arm, causing infection and blood vessel damage., Parents claim doctors and nurses ignored early symptoms of swelling and discoloration for days., An internal investigation is currently underway by the RCC Director, Dr. Rajaneesh Kumar.