പോലീസിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കും, പക്ഷേ, ക്ഷമ കൈവിടരുത്- സംസ്ഥാന പോലീസ് മേധാവി

#പ്രദീപ് പയ്യോളി
റവാഡ ചന്ദ്രശേഖര്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
റവാഡ ചന്ദ്രശേഖര്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

തിരൂര്‍: 'സംതിങ് സ്‌പെഷ്യലാ'ണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് മലപ്പുറം. സംസ്ഥാന പോലീസിലെ അത്യുന്നത പദവിയിലെത്തിയശേഷം ആദ്യമായി മലപ്പുറത്ത് എത്തുമ്പോള്‍, ആ മധുരമുള്ള ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോവുകയാണ് അദ്ദേഹം. കാല്‍നൂറ്റാണ്ടുമുന്‍പ്, മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയായിരുന്ന റവാഡ ചന്ദ്രശേഖര്‍, തിങ്കളാഴ്ച മലപ്പുറത്ത് എംഎസ്പി പാസിങ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. പഴയകാല അനുഭവങ്ങളും ഓര്‍മ്മകളും ഒപ്പം പുതുകാലത്ത് പോലീസ് നേരിടുന്ന വെല്ലുവിളികളും അദ്ദേഹം പങ്കുവെക്കുന്നു

ചോദ്യം: കാല്‍നൂറ്റാണ്ടിന് ശേഷം പോലീസിലെ ഏറ്റവും വലിയ പദവിയേറ്റെടുത്ത് വീണ്ടും മലപ്പുറത്തെത്തിയപ്പോള്‍ എന്തു തോന്നുന്നു?
ഉത്തരം: വീണ്ടും  മലപ്പുറത്തെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. നല്ലൊരു പോസിറ്റീവ് ഫീലിങ് തോന്നുന്നു.മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയായി അന്ന് സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി തോന്നുന്നു.

ചോദ്യം: മലപ്പുറത്തെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍ എന്തെങ്കിലുമുണ്ടോ?
ഉത്തരം: എന്റെ മകന്‍ പിറന്നു വീണ മണ്ണാണിത്. ഒരിക്കലും ഈ മണ്ണിനെ മറക്കാന്‍ കഴിയില്ല. മകന്‍ കാര്‍ത്തിക്കിന്റെ ജന്മസ്ഥലം മലപ്പുറമാണ്. ഞാന്‍ ഇവിടെ ജില്ലാ പോലീസ് മേധാവിയായപ്പോഴാണ് അവന്‍ ജനിച്ചത്. അവന്‍ വളര്‍ന്ന് വലുതായി ബെംഗളൂരുവില്‍ ഐ.ടി. സൈബര്‍ വിങില്‍ജോലി ചെയ്യുന്നു.

ചോദ്യം :മലപ്പുറത്തുകാരെക്കുറിച്ച്?
ഉത്തരം: മലപ്പുറത്തുകാര്‍ വളരെ സ്‌നേഹമുള്ളവരാണ്. അതിഥികളെ സത്കരിക്കുന്നതിലും ഏറെ മുന്‍പന്തിയിലാണ്. 

ചോദ്യം: ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമത്തെ കുറിച്ച് എന്താണഭിപ്രായം?
ഉത്തരം: ഫുട്‌ബോളിനോട് എനിക്ക് വളരെ താത്പര്യമുണ്ട്.മലപ്പുറം സെവന്‍സ് ഫുട്‌ബോളിന്റെ നാടാണ്. പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്ക് പോയിട്ടുണ്ട്. തിരൂരില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മമ്മി ഹാജി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തതും ഓര്‍മ്മയുണ്ട്. എന്നാല്‍ മലപ്പുറത്ത് വെച്ച് ഫുട്‌ബോള്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. ഐപിഎസ് ട്രെയിനിങ്ങിനിടയില്‍ ഫുട്‌ബോള്‍ കളിച്ചത് ഓര്‍മ്മയിലുണ്ട്.


ഡിജിപി റവാഡ ചന്ദ്രശേഖര്‍ മലപ്പുറത്ത് എത്തിയപ്പോള്‍
 

ചോദ്യം: മലപ്പുറത്തെ സേവനത്തിനിടയില്‍ കണ്ടുമുട്ടിയവരില്‍ പ്രധാനമായും ആരെയെങ്കിലും ഓര്‍ക്കുന്നുണ്ടോ?
ഉത്തരം: ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും മത നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം എന്നോട് വളരെ സ്‌നേഹം കാട്ടി. എല്ലാവരുമായി നല്ല സൗഹൃദമായിരുന്നു. എന്നാല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ.വാരിയരെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നു. സ്ഥലം മാറ്റം കിട്ടി പോകുമ്പോള്‍ അദ്ദേഹത്തെ കണ്ടു വണങ്ങിയാണ് ജില്ല വിട്ടത്.

ചോദ്യം: പോലീസ് സേനക്കെതിരെ വളരെയധികം വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ? 
ഉത്തരം: പോലീസിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കും എന്നാല്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍പില്‍ പോലീസുകാര്‍ ക്ഷമ കൈവിടരുത്. പോലീസ് സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിന് വേണ്ടിയുള്ളതാണ്. യൂണിഫോം തിരിച്ചറിയാനുള്ളതിന് മാത്രമാണ്. അതേ പോലെ ജനങ്ങളും അവരിലൊരാളായി പോലീസുകാരെ കാണണം.

ചോദ്യം: കുന്നംകുളത്ത് പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം പോലീസിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയോ?
ഉത്തരം: സംഭവത്തെ കുറിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്നന്വേഷിക്കാന്‍ ഞാന്‍ ഉത്തരമേഖലാ ഐ.ജി രാജ്പാല്‍ മീണയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


 

Content Highlights: State Police Chief Ravada Chandrasekhar revisits Malappuram after 25 years