എലിയും പാറ്റയും നിറഞ്ഞ് തീവണ്ടി കോച്ചുകൾ; ഒരാഴ്ചയ്ക്കിടെ എലിയുടെ കടിയേറ്റത് രണ്ടുപേർക്ക്

കൊല്ലം: തീവണ്ടികളിൽ എലികടി ഭയന്ന് സഞ്ചരിക്കേണ്ട അവസ്ഥ. ഒരാഴ്ചയ്ക്കിടെ കൊല്ലത്തുമാത്രം രണ്ട് യാത്രക്കാർക്ക് എലികടിയേറ്റു. ഭക്ഷണാവശിഷ്ടങ്ങൾ യഥാസമയം നീക്കാത്തതിനാൽ കോച്ചുകളിൽ പാറ്റകളും നിറയുകയാണ്.
കഴിഞ്ഞദിവസം വഞ്ചിനാട് എക്സ്‌പ്രസിലെ യാത്രക്കാരന് കൊല്ലത്തുെവച്ച് എലിയുടെ കടിയേറ്റിരുന്നു. റെയിൽവേ സുരക്ഷാസേനയുടെ നേതൃത്വത്തിൽ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. ദിവസങ്ങൾക്കുമുൻപ് ഹിമസാഗർ എക്സ്‌പ്രസിലെ യാത്രക്കാരനും എലികടിയേറ്റു. ശുചീകരണപ്രവർത്തനങ്ങളിൽ വരുന്ന വീഴ്ചമൂലം തീവണ്ടികളിൽ ക്ഷുദ്രജീവികൾ പെരുകുന്നതിലും യാത്ര മുടങ്ങുന്നതിലും പ്രതിഷേധവുമായി യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ദീർഘദൂര തീവണ്ടികളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ നിശ്ചിത ഇടവേളകളിൽ മാറ്റാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എലിയും പല്ലിയും പാറ്റയും ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ എത്തുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾക്കുപുറമേ, ദുർഗന്ധം സഹിച്ച് യാത്രചെയ്യേണ്ട അവസ്ഥയുമുണ്ട്. യാത്രക്കാരുടെ ബാഗുകളും മറ്റും എലികൾ കരണ്ട് നശിപ്പിക്കുന്നതും പതിവ്. എലികളും പിന്നാലെ പാമ്പുകളും കോച്ചുകളിൽ കയറുന്നത് അപകടഭീതി ഉയർത്തുന്നുണ്ട്. ശുചീകരണച്ചുമതല ഏറ്റെടുക്കുന്ന കരാറുകാർ, വരുത്തുന്ന വീഴ്ചയാണ് ഇതിനെല്ലാം കാരണമാകുന്നത്.
സുരക്ഷ ഉറപ്പാക്കും
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തീവണ്ടികൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കാറുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം. യാർഡുകളിൽ എലിശല്യം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി എലിക്കെണികൾ വ്യാപകമായി സ്ഥാപിച്ചിരുന്നു. എ.സി.കോച്ചുകളിൽ എലികളെ പിടിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഗ്‌നലിനുവേണ്ടിയും മറ്റും തീവണ്ടികൾ നിർത്തുന്ന സമയങ്ങളിലാകാം എലികൾ കോച്ചുകളിൽ കയറിപ്പറ്റുന്നത്. തീവണ്ടികൾ യാത്ര പുറപ്പെടുംമുൻപുതന്നെ എലി, പാറ്റ തുടങ്ങിയവ കോച്ചുകളിൽ ഇല്ലെന്ന് ഉറപ്പാക്കുന്നുണ്ട്. ഇതുസംബന്ധമായ പരാതികൾ ഗൗരവത്തിൽ എടുക്കും. കോച്ചുകൾ വൃത്തിയാക്കാൻ ഏർപ്പെടുത്തിയിട്ടുള്ള കരാർ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിർദേശം നൽകും. നിശ്ചിത ഇടവേളകളിൽ തീവണ്ടികളിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ നടപടിയെടുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Content Highlights: Two passengers bitten by rats in trains near Kollam in one week.