വേദനാജനകമായ സംഭവം, തിരച്ചിൽ തുടരും, ചെയ്യാനാവുന്നതെല്ലാം ചെയ്യും; ഗൗതമിന്റെ വീട്ടിലെത്തി ചെന്നിത്തല

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിന്റെ അമ്മ രേഷ്മയെയും കുടുംബാംഗങ്ങളെയും മന്ത്രി കണ്ടു. മൂന്നുപേരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇനിയും കണ്ടെത്താനുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘വളരെ വേദനാജനകമായ സംഭവമാണിത്. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. കോസ്റ്റ്ഗാർഡ് ഐജിയുമായി സംസാരിച്ചിരുന്നു. കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളെയും ഒപ്പം കൂട്ടിയാണ് തിരച്ചിൽ നടത്തുന്നത്. സർക്കാറിന് ചെയ്യാനാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന ക്യാബിനറ്റിൽ ഈ കാര്യം ഉന്നയിക്കും’, അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മീൻപിടിത്തവള്ളം മറിഞ്ഞത്. പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) അന്നുതന്നെ മരിച്ചു. രാജീവന്റെ മകളുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), ഇദ്ദേഹത്തിന്റെ മകൻ ഗൗതം കൃഷ്ണ (26) എന്നിവരെ കാണാതായി. രാധാകൃഷ്ണന്റെ മൃതദേഹം കിട്ടിയെങ്കിലും ഗൗതമിന്റേത് ലഭിച്ചില്ല.
തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ കഴിഞ്ഞദിവസം നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെമുതൽ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.
Content Highlights: Ramesh Chennithala visited the home of missing fisherman Gautham Krishna in Neendakara. Expressed condolences to the grieving family who lost three members. Confirmed ongoing search operations by the Coast Guard alongside local fishermen. Assured that the matter will be raised in the upcoming cabinet meeting on Tuesday.