മതന്യൂനപക്ഷങ്ങളുടെ പേര് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു -രമേശ് ചെന്നിത്തല

കോഴിക്കോട്: രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങളുടെ പേര് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുകയാണെന്നും ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയിൽ അല്ലാത്തവരെ ഉപദ്രവിക്കുകയാണെന്നും മന്ത്രി രമേശ് ചെന്നിത്തല. എം.എസ്.എസ്. സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പൗരന്റെ മൗലികാവകാശമാണ് വോട്ടുചെയ്യുക എന്നത്. 20 കോടിവരുന്ന മുസ്‌ലിങ്ങളെ മാറ്റിനിർത്തി ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് വിചാരിക്കാത്തവരാണ് അവരുടെ പേരുവെട്ടുന്നത്. ഏക സിവിൽകോഡും എസ്.ഐ.ആറുമെല്ലാം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ്. അധികാരത്തിലിരിക്കുന്നവർ മതങ്ങളെ തമ്മിലടിപ്പിക്കുകയല്ല ഭിന്നത കുറച്ചുകൊണ്ടുവരുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സമ്മേളന സുവനീർ മന്ത്രി കെ.എം. ഷാജി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിന് നൽകി പ്രകാശനംചെയ്തു. എം.എസ്.എസ്. ആപ്പ് ലോഞ്ചിങ് കോഴിക്കോട് മേയർ ഒ. സദാശിവനും വനിതാ സെമിനാറിന്റെ ഉദ്ഘാടനം ഫാത്തിമ തഹിലിയ എം.എൽ.എ.യും നിർവഹിച്ചു. എം.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി.
ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, എം.എൽ.എ.മാരായ പി.എ. മുഹമ്മദ് റിയാസ്, കെ. പ്രവീൺകുമാർ, കെ. ജയന്ത്, എം.എ. റസാഖ്, വി.കെ. ഫൈസൽ ബാബു, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ. ജില്ലാ സെക്രട്ടറി പി. ഗവാസ്, ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, എം.എസ്.എസ്. മുൻ സംസ്ഥാന പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി. മമ്മത് കോയ, ട്രഷറർ എൻ.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.