10 വർഷം, പിണറായിയുടെ വീടിന് പോലീസുകാരുടെ കാവൽ; ആഭ്യന്തര മന്ത്രിയറിയണം കണ്ണൂരിലെ പോലീസിന്റെ ദുരിതം

പിണറായി വിജയന്റെ വീടിനുമുന്നിലെ പോലീസ് സ്റ്റേഷൻ ജീപ്പ്
പിണറായി വിജയന്റെ വീടിനുമുന്നിലെ പോലീസ് സ്റ്റേഷൻ ജീപ്പ്

കണ്ണൂർ: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ശനിയാഴ്ച ആദ്യമായി കണ്ണൂരിലെത്തുമ്പോൾ പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ജില്ലയിൽ പോലീസ് സ്റ്റേഷനുകളുടെ ദുരവസ്ഥയും ജോലിസംബന്ധമായ നിരവധി പ്രശ്‌നങ്ങളുമുണ്ട് അവർക്ക്. വിഷയത്തിൽ ആഭ്യന്തരമന്ത്രി ഗൗരവമായി ഇടപെടുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ കരുതുന്നത്.

10 വർഷമായി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഒരുജീപ്പും പോലീസുകാരുമുണ്ട്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിൽ കൂനിക്കൂടിയാണ് പോലീസുകാരുടെ കാവൽഡ്യൂട്ടി. ഇക്കാര്യം 'മാതൃഭൂമി'യാണ് പുറത്തുകൊണ്ടുവന്നത്. 10 വർഷമായി മുഖ്യമന്ത്രിയുടെ വസതിക്ക് വേണ്ടിയായിരുന്നു കാവൽ. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിട്ടും ആ ജീപ്പും പോലീസുകാരും അവിടെ തന്നെയുണ്ട്. പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിൽ റെസിഡെന്റ് ഡ്യൂട്ടിചെയ്യുന്ന സേനാംഗങ്ങൾക്കാണ് ഈ ദുരവസ്ഥ. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് പിണറായി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി മാറ്റിയിട്ടും ജീപ്പ് സ്റ്റേഷൻ അവിടെത്തന്നെ.

'തൊണ്ടിമുതൽ മാറ്റണം

മിക്ക പോലീസ് സ്റ്റേഷനുകളുടെ മുന്നിലും 'തൊണ്ടിമുതൽ' കുന്നുകൂടിയിരിക്കുകയാണ്. വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷനോടുചേർന്നുള്ള സ്ഥലത്തോ റോഡുകളിലോയാണ് നിർത്തിയിട്ടിരിക്കുന്നത്. കാലപ്പഴക്കത്താൽ പല വാഹനങ്ങളും തുരുമ്പെടുത്തു. പുതിയ സ്റ്റേഷൻ വേണം. മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. വലിയ പ്രവർത്തനപരിധിയുള്ള മട്ടന്നൂർ സ്റ്റേഷനിൽ 60 പോലീസുകാർ മാത്രമാണുള്ളത്. ചാവശ്ശേരിയോ ചാലോടോ കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ വേണം.

മയ്യിൽ പോലീസ് സ്റ്റേഷന്റെ ദുരിതം തീരുന്നില്ല. 16 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മഴയത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയാണുള്ളത്. പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണം നീളുകയാണ്.

Content Highlights: Home Minister Ramesh Chennithala's first visit to Kannur to address police grievances., Concerns regarding long-term security deployment at Pinarayi Vijayan's residence., Infrastructure decay at Mayyil and Mattannur police stations., Need for division of Mattannur station due to high workload., Urgent requirement to clear seized evidence vehicles (thondimuthal) from station premises.