അക്രമങ്ങള്‍ പെരുകുന്നുവെന്ന് ചെന്നിത്തല; ഗൗരവവിഷയമെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളെക്കുറിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക്. പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന രമേശ് ചെന്നിത്തലയുടെ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ രണ്ട് മണിക്കൂറാണ് വിഷയം ചര്‍ച്ചചെയ്യുക.
വിദ്യാര്‍ഥികളില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്, നാടാകെ അരക്ഷിതാവസ്ഥയിലാണെന്ന് രമേശ് ചെന്നിത്തല നോട്ടീസില്‍ വ്യക്തമാക്കി. നോട്ടീസ് ലഭിച്ചയുടന്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതമറിയിക്കുകയായിരുന്നു.
'നമ്മുടെ സഭ മാത്രമല്ല, സഭയിലൂടെ പൊതു സമൂഹവും ചര്‍ച്ച ചെയ്യേണ്ട ഒരുപാട് പ്രശ്നങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നോട്ടീസില്‍ പറയുന്നതുപോലെ ലഹരി, മദ്യം, ഹിംസ ആഘോഷിക്കപ്പെടുന്ന വീഡിയോ ഗെയിം, സിനിമ, വെബ് സീരീസ് തുടങ്ങിയവയുടെ പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. ഇതിന്റെ പുറമേയും കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാം നാം ചര്‍ച്ച ചെയ്ത് പൊതുസമൂഹത്തിന് മുന്നിലേക്കെത്തിക്കുന്നതായിരിക്കും നന്നാവുക. അതുകൊണ്ട് നിറഞ്ഞ സന്തോഷത്തോടെ ഇത് ചര്‍ച്ച ചെയ്യാമെന്ന് സമ്മതിക്കുകയാണ്' - മുഖ്യമന്ത്രി അടിയന്തര ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു.
വളരെ പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നതില്‍ അഭിനന്ദിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിക്ക് സഭ പരിഗണിക്കാനിരുന്ന 2025-ലെ കേരള ധനവിനിയോഗ ബില്ലിന്റെ അവതരണവും അനന്തരനടപടികളും അടിയന്തര ചര്‍ച്ച പൂര്‍ത്തീകരിച്ചതിനുശേഷം നടത്തുന്നതാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
Content Highlights: ramesh chennithala files emergent motion in assembly chief minister willingness