‘പപ്പടം കൊടുത്തില്ല, പിന്നെയാണ്..’; ജഡായുവിന്റെ പേരിൽ കൊല്ലവും ആന്ധ്രയും തമ്മിൽ പോര്; കക്ഷിചേർന്ന് തമിഴ്നാടും

#ന്യൂസ് ഡെസ്ക്
ചടയമംഗലത്തെ ജഡായുപ്പാറ, ആന്ധ്രയിലെ ലേപാക്ഷി | Photo: Mathrubhumi
ചടയമംഗലത്തെ ജഡായുപ്പാറ, ആന്ധ്രയിലെ ലേപാക്ഷി | Photo: Mathrubhumi

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും യഷും പ്രധാന വേഷങ്ങളിലെത്തിയ 'രാമായണം: പാർട്ട് 1' തിയേറ്ററുകളിൽ വൻ തരംഗമാകുമ്പോൾ, സോഷ്യൽ മീഡിയയിൽ മറ്റൊരു 'യുദ്ധം' കൊടുമ്പിരിക്കൊള്ളുകയാണ്. രാവണന്റെ 'ചന്ദ്രഹാസം' ഏറ്റ് ചിറകറ്റ ജഡായു വീണത് എവിടെയാണെന്നതിനെച്ചൊല്ലിയാണ് വാഗ്വാദം. കേരളവും ആന്ധ്രാപ്രദേശും തമിഴ്‌നാടും തങ്ങളുടെ അതിർത്തിയിലാണ് ഈ ഇതിഹാസ സംഭവമെന്ന് ‘ക്ലെയിം’ ചെയ്ത് രംഗത്തുണ്ട്. 

കൊല്ലം ജില്ലയിലുള്ള ചടയമംഗലത്തെ ജഡായുപ്പാറയിലാണ് ജഡായു വീണ് ശ്വാസം വെടിഞ്ഞതെന്നാണ് മലയാളി നെറ്റിസൺസിന്റെ വാദം. 1000 അടി ഉയരമുള്ള പാറയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന, 200 അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് മലയാളികളുടെ പ്രധാന തെളിവ്. എന്നാൽ, സിനിമയിൽ ജഡായു ചിറകറ്റ് വീഴുന്നിടത്തേക്ക് രാമനും ലക്ഷ്മണനും ഓടിയെത്തുന്നുണ്ടെന്നും അവിടെവച്ച് ജീവൻ വെടിയുന്ന ജഡായുവിൻ്റെ ശരീരം അവിടെത്തന്നെ ദഹിപ്പിക്കുന്നുണ്ടെന്നുമാണ് ആന്ധ്രക്കാരുടെ വാദം. 

പഞ്ചവടിയിൽനിന്ന് രാമന് നിമിഷനേരംകൊണ്ട് അത്രയും ദൂരം ഓടി കൊല്ലം വരെയെത്താൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതിന് മലയാളികൾ കൊടുക്കുന്ന മറുപടിയാകട്ടെ, 'കാക്കക്കുയിൽ' സിനിമയിലെ മുകേഷിന്റെ "കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ!" എന്ന പ്രശസ്ത ഡയലോഗ് റീലുകളാക്കിയാണ്.

‘പപ്പടം കൊടുത്തില്ല, പിന്നെയാണ് ജടായു’, ‘തൂവൽ പോലും തരത്തില്ല..’, ‘ആന്ധ്രക്കാർക്ക് കൊല്ലംകാരെ തീരെ പരിചയം ഇല്ലെന്നു തോന്നുന്നു..’, ‘പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് കട തല്ലിപ്പൊളിച്ച കൊല്ലംകാരോട് ജടായുവിനെ ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ..’, ‘വിട്ട് കൊടുക്കാത്ത ടീംസാണ്...’ എന്നിങ്ങനെ പോകുന്നു സോഷ്യൽമീഡിയയിലെ കമൻ്റുകൾ.

സോഷ്യൽമീഡിയയിലെ കമൻ്റുകൾ

ആന്ധ്രയിലെ ലേപാക്ഷിയാണ് ജഡായു ചിറകറ്റുവീണ സ്ഥലം എന്നാണ് ആന്ധ്രക്കാരുടെ വാദം. പരിക്കേറ്റുകിടന്ന പക്ഷിയെ കണ്ട് രാമൻ തെലുങ്കിൽ "ലേ പക്ഷീ" (എഴുന്നേൽക്കൂ പക്ഷീ) എന്ന് വിളിച്ചതിൽനിന്നാണ് ഈ പേരുവന്നതെന്നാണ് ഇവരുടെ ഐതിഹ്യം. പഞ്ചവടിയിൽനിന്ന് ലങ്കയിലേക്കുള്ള യാത്രാമാർഗം പരിശോധിച്ചാൽ, ഭൂമിശാസ്ത്രപരമായി ജഡായു വീഴാൻ സാധ്യത കൂടുതൽ ആന്ധ്രയിലാണെന്നാണ് പ്രാദേശിക ചരിത്രകാരന്മാർ ഉയർത്തുന്ന വാദം. 2015-ൽ ലേപാക്ഷിയിൽ സ്ഥാപിച്ച ജഡായു ശില്പവും തീം പാർക്കും ആന്ധ്രക്കാർ ഉയർത്തിപ്പിടിക്കുന്നു.

രണ്ടുസംസ്ഥാനങ്ങൾക്കുപുറമെ, തമിഴ്‌നാടും ജഡായുവിൽ അവകാശവാദം ഉയർത്തുന്നുണ്ട്. കാഞ്ചീപുരത്തിനടുത്തുള്ള 'തിരുപ്പുട്കുഴി'യിലാണ് ജഡായു വീണതെന്നാണ് തമിഴ്‌നാടിന്റെ അവകാശവാദം. 'പുൾ' (പക്ഷി) വംശത്തിൽപ്പെട്ട ജഡായുവിനെ അടക്കംചെയ്ത കുഴിയായതിനാലാണ് 'തിരുപ്പുട്കുഴി' എന്ന പേര് വന്നതെന്ന് ഇവർ വിശ്വസിക്കുന്നു. അവിടെ രാമൻ വില്ലുറപ്പിച്ചുണ്ടാക്കിയ 'ജഡായു പുഷ്കരിണി' കുളവും വിജയരാഘവ പെരുമാൾ ക്ഷേത്രവുമാണ് ഇവർ നിരത്തുന്ന തെളിവുകൾ.

സിനിമയുടെ വിജയത്തിനൊപ്പം ജഡായുവിന്റെ വീഴ്ചയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയതോടെ ജഡായുപ്പാറയും ലേപാക്ഷിയും സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ പത്തുവ‍ഷംകൊണ്ടാണ് ചടയമംഗലത്തെ ‘ജഡായു എർത്ത് സെൻ്റർ’ പൂർത്തിയാക്കിയത്. 65 ഏക്കറിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ പണിത ഈ പാർക്കിൽ സ്വിസ് നിർമ്മിത കേബിൾ കാർ, 60,000 കല്ലുകൾ പാകിയ 826 പടികളുള്ള നടപ്പാത, റോക്ക് ക്ലൈംബിങ്, സിപ്പ് ലൈൻ, പെയിന്റ് ബോൾ എന്നിവയുള്ള 20 ഏക്കർ അഡ്വഞ്ചർ സോൺ, സിദ്ധ ഹീലിങ് കേവുകൾ, ഹെലിപാഡ്, മ്യൂസിയം, 6D തിയേറ്റർ എന്നിവയുമുണ്ട്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഗ്രീൻ ഇക്കോ-ടൂറിസം കേന്ദ്രമാണിത്. കൂടാതെ പാറയ്ക്ക് മുകളിൽ ശ്രീ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.

ജഡായു എർത്ത് സെൻ്ററിൽ ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ | Photo: Mathrubhumi

സിനിമയ്ക്കൊപ്പം ജഡായു പാറയും ചർച്ചകളിൽ നിറഞ്ഞതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ ആളുകൾ എത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. സിനിമയുടെ റിലീസിനുപിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും സോഷ്യൽ മീഡിയയിലൂടെ ജഡായുപ്പാറ സന്ദർശിക്കാൻ സഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

Content Highlights: Nitesh Tiwari's 'Ramayana: Part 1' sparks a viral debate across South India regarding the exact location where Jatayu fell., Kerala claims Chadayamangalam in Kollam based on the massive Jatayu Earth Center sculpture., Andhra Pradesh claims Lepakshi, linking the town's name to Rama telling the bird to rise., Tamil Nadu claims Thiruputkuzhi in Kanchipuram, pointing to historical temples and water bodies., The humorous online debate highlights regional folklore, tourism, and internet trolling culture.