രാമനാട്ടുകരയിൽ വൻ തീപ്പിടിത്തം; ഒന്നരക്കോടിയുടെ പെയിന്റും 9 ലക്ഷം രൂപയും കത്തിനശിച്ചു

കോഴിക്കോട്: രാമനാട്ടുകര എയർപോർട്ട് റോഡിലെ ഏഷ്യൻ പെയിന്റ്സ് കമ്പനി ഔട്ട്‌ലെറ്റിൽ തീപ്പിടിത്തം. നാല് യൂണിറ്റ് ഫയർ എൻജിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നരക്കോടി രൂപയുടെ പെയിന്റ് സാമഗ്രികളും ഒൻപതര ലക്ഷത്തോളം രൂപയുടെ കറൻസികളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
തീ ഉയരുന്നതായി സമീപത്തെ കടക്കാരാണ് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. നാല് യൂണിറ്റുകളെത്തി ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്. കടയുടെ ഡിസ്‌പ്ലേയിൽ വെച്ച ഏതാനും ടിന്നുകൾ ഒഴികെ ബാക്കിയെല്ലാം കത്തിനശിച്ചു. 9,35,000 രൂപയുടെ കറൻസികൾ കത്തിച്ചാമ്പലായെന്നും അദ്ദേഹം പറഞ്ഞു.
ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് ഇല്ലാതിരുന്നതിനാലാണ് അത്രയും പണം കടയിൽ സൂക്ഷിച്ചതെന്നും ഉടമ വ്യക്തമാക്കുന്നു. ഞായറാഴ്ചയായതിനാൽ കട രാവിലെ ഒരുമണിക്കൂർമാത്രം പ്രവർത്തിച്ചിരുന്നു. തുടർന്ന് പൂട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അടുത്തുള്ള കടയിലെ ജീവനക്കാർ തീപ്പിടിച്ച വിവരമറിയിച്ചതെന്നും ഉടമ പ്രതികരിച്ചു.