13 കോടി വെള്ളത്തിലായി; രാമക്കൽമേടിലെ സൗരോർജ്ജ പ്ലാന്റ് കാടുകയറി നശിക്കുന്നു

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി തേടി കെ.എസ്.ഇ.ബി നെട്ടോട്ടമോടുമ്പോൾ രാമക്കൽമേട് ആമപ്പാറയിൽ 13 കോടി രൂപ മുടക്കി അനെർട്ട് സ്ഥാപിച്ച സൗരോർജ്ജപ്ലാന്റ് നിശ്ചലം. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും ഉപയോഗിക്കാനാകില്ല. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിലയത്തെ കെ.എസ്.ഇ.ബി ലൈനുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കെ.എസ്.ഇ.ബി നിഷ്‌കർഷി്ക്കുന്ന വിധത്തിൽ വൈദ്യുതി നൽകാൻ കഴിയുന്നില്ലെന്നതാണ് പോരായ്മ. നിർമാണത്തിലെ പാകപ്പിഴവാണ് കാരണം. നെടുങ്കണ്ടം സ്‌റ്റേഷനിലേക്ക് 11 കെ.വി ഫീഡർ ലൈൻ സ്ഥാപിച്ചതും വെറുതെയായി.

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് എങ്ങുമെത്താതെ കാടുകയറി കിടക്കുന്നത്. പാളിച്ച ഒളിച്ചവയ്ക്കാൻ 2022 ജൂൺ 26 ന് ഉദ്ഘാടനം നടത്തിയിരുന്നു. ഉടൻ വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തി അധികൃതർ മടങ്ങിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. 2018 ൽ നിർമാണം തുടങ്ങിയ പദ്ധതിയിൽ നിന്നും 2023 നുള്ളിൽ ഘട്ടം ഘട്ടമായി മൂന്നുമെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. സി ഡിറ്റും, കെൽട്രോണുമായിരുന്നു പങ്കാളികൾ.

നിർദിഷ്ട സമയത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒതുക്കി തീർക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ വീഴ്ച സംഭവിച്ചതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഉന്നതല സ്വാധീനം കാരണം തുടർ നടപടി ഉണ്ടായില്ല.

നാലേക്കർ വിസ്തൃതിയിലുള്ള സൗരോർജ്ജ പ്ലാന്റ് ഉപേക്ഷിച്ചമട്ടാണ്. പാനലുകൾ പലതും നഷ്ടമായിട്ടുണ്ട്. സ്റ്റേഷൻ കാടുകയറിയത് വിവാദമായപ്പോൾ വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. മതിയായ വൈദഗ്ധ്യവും യോഗ്യതയുമില്ലാത്ത ഉദ്യോഗസ്ഥരാണ് പ്ലാന്റ് നിർമാണത്തിന് നേതൃത്വം നൽകിയതെന്ന് ആക്ഷേപം ശക്തമാണ്. മേൽനേട്ടത്തിലും പദ്ധതി നിർവഹണത്തിലും വീഴ്ച സംഭവിച്ചതുകൊണ്ടാണ് പദ്ധതി ഗ്രിഡ്ഡിലേക്ക് ബന്ധിപ്പിക്കാൻ കഴിയാതെ പോയത്. അതേസമയം നിലയം പ്രവർത്തക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Anert's Rs 13 crore solar power plant in Ramakkalmedu remains completely defunct and overgrown with weeds as construction flaws prevent it from connecting to the KSEB power grid.