റിപ്പബ്ലിക്കിന്റെ സ്ഥാപകർ വിഭാവനംചെയ്തതുപോലെയല്ല ഇപ്പോൾ പാർട്ടികൾ പ്രവർത്തിക്കുന്നത്- രാമചന്ദ്രഗുഹ

മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നാലാം അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ മാതൃഭൂമി സംഘടിപ്പിച്ച ചടങ്ങില്‍ 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തില്‍ രാമചന്ദ്രഗുഹ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി
മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നാലാം അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ മാതൃഭൂമി സംഘടിപ്പിച്ച ചടങ്ങില്‍ 'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തില്‍ രാമചന്ദ്രഗുഹ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി

കോഴിക്കോട്: ഇന്ത്യന്‍ റിപ്പബ്ലിക്ക് സ്ഥാപകര്‍ വിഭാവനംചെയ്തതുപോലെയല്ല രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ. ഇതാണ് രാജ്യംനേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഭരണഘടനാസ്ഥാപനങ്ങളുടെ അധഃപതനമാണ് രാജ്യം നേരിടുന്ന മറ്റൊരുവെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ 'രാജ്യം എങ്ങോട്ട്?' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാമചന്ദ്രഗുഹ.

ചങ്ങാത്തമുതലാളിത്തം, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, സ്ത്രീപങ്കാളിത്തത്തിലെ കുറവ്, കാലാവസ്ഥാ പ്രതിസന്ധി എന്നിവയും രാജ്യംനേരിടുന്ന വലിയ വെല്ലുവിളികളാണ്. 75 വര്‍ഷത്തോളം രാജ്യം ഐക്യത്തോടെ നിന്നത് റിപ്പബ്ലിക്കിന്റെ സ്ഥാപകരുടെ നിലവാരംകൊണ്ടും ഭരണഘടനമൂലവുമാണ്. ഇന്നത്തെ രാഷ്ട്രീയം നെഹ്‌റുവിനേയും സര്‍ദാര്‍ പട്ടേലിനേയും എതിരാളികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യത്തില്‍നിന്ന് ഏറെ അകലെയാണിത്, ഗുഹ ചൂണ്ടിക്കാട്ടി.

എതിര്‍പ്പുകള്‍ക്കിടിയിലും സ്വാതന്ത്ര്യസമരകാലത്തും ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്നതിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. നെഹ്‌റു വൈകാരിക ഏകീകരണം സാധ്യമാക്കിയപ്പോള്‍ പട്ടേല്‍ ഭൂമിശാസ്ത്രപരമായ ഏകീകരണം സാധ്യമാക്കി. നെഹ്‌റുവും പട്ടേലുമുണ്ടായിരുന്നില്ലെങ്കില്‍ ഐക്യത്തോടെയുള്ള ജനാധിപത്യ ഇന്ത്യയുണ്ടാവുമായിരുന്നില്ലെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ രണ്ടുതരത്തിലുള്ള പാര്‍ട്ടികളാണുള്ളത്. ഒരുകൂട്ടർ തങ്ങളുടെ നേതാവിനെ വ്യക്ത്യാരാധന നടത്തുന്നു. മറ്റൊന്ന്, ഒരു കുടുംബം നിയന്ത്രിക്കുന്ന കുടുംബസ്ഥാപനം. റിപ്പബ്ലിക്കിന്റെ സ്ഥാപനത്തില്‍ പ്രധാനപങ്കുവഹിച്ച നെഹ്‌റു, പട്ടേല്‍, അംബേദ്കര്‍, കമലാദേവി എന്നിവര്‍ വിഭാവനംചെയ്തതുപോലെയല്ല നിലവില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗുഹ പറഞ്ഞു.

രാജ്യചരിത്രത്തിലെ ഏറ്റവും ഏകാധിപതിയായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രാമചന്ദ്രഗുഹ വിമർശിച്ചു. നരേന്ദ്ര മോദി സമര്‍ഥനായ നടനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Ramachandra Guha speech at MP Veerendrakumar Memorial function