ആണത്തമുണ്ടെങ്കിൽ വിമർശനം പരസ്യമായി പറയണം, എന്നെ നിയന്ത്രിക്കാൻ ശക്തിയുള്ള ആരുമില്ല- രാജ്മോഹൻ ഉണ്ണിത്താൻ

#ന്യൂസ് ഡെസ്ക്
കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | ഫോട്ടോ: മാതൃഭൂമി
കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | ഫോട്ടോ: മാതൃഭൂമി

കാസർകോട്: കെപിസിസി ഭാരവാഹി യോഗത്തിൽ തനിക്കെതിരേ രൂക്ഷവിമർശനമുയർന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർട്ടി വേദികളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പുറത്തൊരു ചർച്ചയ്ക്ക് ഞാനില്ല. ആണത്തം ഉണ്ടെങ്കിൽ ഇതൊക്കെ പരസ്യമായി പറയണം. അതല്ലേ അതിന്റെ ഒരു മര്യാദ. രഹസ്യമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ എങ്ങനെ പ്രതികരിക്കുകയെന്ന് അദ്ദേഹം കാസർകോട് പറഞ്ഞു.

സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയത്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് തിരിച്ചടിയാവുമെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു കെപിസിസി യോഗത്തിൽ ഉയർന്നത്. കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണം നടത്തുമെന്ന് കാസർഗോഡ് ഡിസിസിയും യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ തന്നെ നിയന്ത്രിക്കാൻ പാർട്ടിയിൽ ആരും ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 68ൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ആളാണ് താൻ. വിമർശനം ഉന്നയിക്കുന്നവർ അന്ന് ജനിച്ചിട്ടുപോലുമുണ്ടാവില്ല. കോൺഗ്രസിലെ ഏറ്റവും മുതർന്ന നേതാവാണ് ഞാനിപ്പോൾ. എന്നെ നിയന്ത്രിക്കാൻ ശക്തിയുള്ള ആരുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ പ്രതികരിക്കാൻ വന്നു കഴിഞ്ഞാൽ പ്രതികരിക്കാൻ വരുന്നവരെക്കുറിച്ച് പ്രതികരിക്കാൻ എനിക്ക് നന്നായിട്ട് അറിയാമല്ലോ. എനിക്ക് ആരുടെയും വക്കാലത്ത് ആവശ്യമില്ല. എനിക്കെതിരെ ആഞ്ഞടിക്കാനുള്ള ശക്തിയൊക്കെ ഓരോരുത്തർക്കും ഉണ്ടോ എന്നുള്ളത് അവർ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

1968 തൊട്ട് ഇന്നുവരെയുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം വളരെ നിഷ്പക്ഷവും നീതിപൂർവ്വവും സ്വതന്ത്രവുമാണ്. എനിക്ക് രഹസ്യങ്ങൾ ഒന്നുമില്ല. ഏഴ് വർഷമായി കാസർകോട് എംപി ആണ്. ഒരു തുള്ളി ഡീസൽ പോലും ആരുടെയെങ്കിലും സൗജന്യത്തിൽ അടിച്ചിട്ടുണ്ടെന്ന ആരോപണം വന്നാൽ അപ്പോൾ ഞാൻ എംപി സ്ഥാനം രാജിവെക്കാം. ഒരു രൂപ ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഞാൻ അപ്പൊ MP സ്ഥാനം രാജിവെക്കാം. ആരുടെയെങ്കിലും കയ്യിൽ നിന്ന് ജോലി വാങ്ങിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചെന്ന് പറഞ്ഞാൽ ഞാൻ അപ്പൊ രാജിവെക്കാം. എന്നെക്കുറിച്ച് കാസർകോട്ട് മുഴുവൻ ജനങ്ങൾക്കും നേരം വെളുക്കുമ്പോൾ തൊട്ട് രാത്രി വരെയുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Rajmohan Unnithan responded to criticism faced at the KPCC office-bearers meeting., He challenged critics to voice their opinions openly rather than secretly., Unnithan stated that no one in the party has the authority to control him., He defended his clean political record since 1968 and offered to resign if corruption charges are proven.