കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയും- രാജീവ് ചന്ദ്രശേഖർ

#ന്യൂസ് ഡെസ്ക്
രാജീവ് ചന്ദ്രശേഖര്‍ | Photo: ANI
രാജീവ് ചന്ദ്രശേഖര്‍ | Photo: ANI

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുമ്പോൾ കേരളത്തിൽ മാത്രം എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു.

വന്ദേമാതരം പാടാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് പറയുന്നത് മുഹമ്മദലി ജിന്നയുടെ വിഭജന രാഷ്ട്രീയം കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണവും കേരളത്തിലെ സാഹചര്യവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ മുസ്ലിങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ ഹിന്ദുക്കൾക്കോ ദേശീയഗീതമോ ദേശീയഗാനമോ ഒരു പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയഗാനത്തിൽ തന്റെ സംസ്ഥാനത്തിന്റെ പേരില്ലെന്ന് പറഞ്ഞ് ഒരാൾക്ക് അത് പാടാതിരിക്കാൻ കഴിയില്ലല്ലോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

Content Highlights: Rajeev Chandrasekhar claims Congress in Kerala is controlled by Muslim League and Jamaat-e-Islami amid the Vandemataram controversy.