തിരുവനന്തപുരം കോർപ്പറേഷൻ: മുന്നണികൾക്ക് വികസനപത്രിക സമർപ്പിച്ച് സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ

#ന്യൂസ് ഡെസ്‌ക്
Photo: facebook.com/RajeevRC.FB/
Photo: facebook.com/RajeevRC.FB/

തിരുവനന്തപുരം: വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട പത്രികയുമായി വിവിധ മുന്നണി നേതാക്കളെ സന്ദർശിച്ച് കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണൻ. വാർഡിലെ വോട്ടർമാരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും മറ്റ് സംഘടനകളുടെയും അഭിപ്രായങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ ഗ്രീൻ ഫ്‌ളോ കണ്ണമ്മൂല എന്ന വികസന പത്രികയാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ചേർന്ന ജനസഭയുടെ തീരുമാനമനുസരിച്ച് മൂന്ന് മുന്നണി സംവിധാനങ്ങൾക്കും സമർപ്പിച്ചത്.

യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥനെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിയേയും നേരിൽ സന്ദർശിച്ചാണ് രാധാകൃഷ്ണൻ വികസന പത്രിക കൈമാറിയത്. ബിജെപി മേയർ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാലാണ് സംസ്ഥാന അധ്യക്ഷനെ കണ്ടത്. ജയിച്ച രണ്ടു സ്വതന്ത്രരെ ഒപ്പം കൂട്ടി കേവല ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാറ്റൂർ രാധാകൃഷ്ണൻ മറ്റ് മുന്നണിയിലെ നേതാക്കളെ സന്ദർശിച്ചതിനൊപ്പം രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

പാറ്റൂർ രാധാകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരം രാജീവ് ചന്ദ്രശേഖർ ചിത്രം സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ കാഴ്ചപ്പാടുകൾ ചർച്ചചെയ്‌തെന്നും വികസിത തിരുവനന്തപുരം എന്ന തങ്ങളുടെ ലക്ഷ്യവുമായി പൂർണമായും ചേർന്നുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പദ്ധതികളെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് യഥാർഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

മൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ചാണ് കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചത്. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. തിരുവനന്തപുരം കോർപ്പറേഷനിൽ 101 സീറ്റിൽ 50 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരുടെ പിന്തുണ ബിജെപിക്ക് അനിവാര്യമാണ്.

വലിയ ഒറ്റക്കക്ഷിയായതിനാൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ഇടത്,വലതു മുന്നണികൾ ഒരുമിക്കാത്തതിനാൽ ബിജെപിക്ക് ഭരണത്തിലെത്താം. എന്നാൽ, തുടർന്നുള്ള കൗൺസിൽ യോഗങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സ്വതന്ത്രരുടെ പിന്തുണ അനിവാര്യമാണ്. ഇതിനുള്ള ശ്രമങ്ങളിലാണ് ബിജെപി.

രണ്ടു സ്വതന്ത്രരാണ് തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ചത്. കണ്ണമൂല വാർഡിൽ നിന്ന് പാറ്റൂർ രാധാകൃഷ്ണനും പൗഡ് കടവ് വാർഡിൽ നിന്ന് സുധീഷ് കുമാറും. പിന്തുണയ്ക്കുന്ന കാര്യത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പാറ്റൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

 
 

Content Highlights: BJP state president Rajeev Chandrasekhar met with independent corporator Pattoor Radhakrishnan of Kannamoola ward to discuss development plans for Trivandrum.