തരിമ്പെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം- എഎ റഹീം

എഎ റഹീം, ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗം വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളിക്കുവേണ്ടി സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ നടത്തുന്നു(ഫയൽ ചിത്രം)
എഎ റഹീം, ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗം വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളിക്കുവേണ്ടി സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ നടത്തുന്നു(ഫയൽ ചിത്രം)

ന്യൂഡൽഹി: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേ തയ്യാറാകണമെന്ന് എ.എ. റഹീം എം.പി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തിൽ പരമാവധി ഇടപെടാൻ ശ്രമിച്ചിരുന്നു. ജോയിയുടെ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മകനെ ജീവനോടെ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ അമ്മ പ്രതീക്ഷിച്ചിട്ടുണ്ടാകാം. റെയിൽവേയ്ക്ക് മനുഷ്യത്വത്തിൻ്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ അടിയന്തരമായി അദ്ദേഹത്തിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കാൻ തയ്യാറാകണം.

ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് നമ്മള്‍ ഉചിതമെന്ന് കരുതുന്ന നഷ്ടപരിഹാരം അവരെ സംബന്ധിച്ച് ഏറ്റവും ചെറിയ കാര്യമാണ്. ആ ഇന്ത്യന്‍ റെയില്‍വേ ഈ സാധുമനുഷ്യന്റെ ദുരന്തത്തിന് കാരണായ ഈ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തന്നെ ഇത്തരമൊരു തീരുമാനം റെയിൽവേ മന്ത്രാലയത്തിൽ നിന്നും ഉണ്ടാകാത്തത് അങ്ങേയറ്റം അനുചിതമാണ്.

നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ കത്താണ് നൽകുന്നത്. ആദ്യത്തേതിൽ വിഷയം അന്വേഷിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ റെയിൽവേയോട് സഹകരിക്കാൻ ആവശ്യപ്പെടാൻ നിർദേശം നൽകണമെന്ന് ഈ കത്തിൽ ആവശ്യപ്പെട്ടതായും റഹീം കൂട്ടിച്ചേർത്തു. 

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലില്‍ പൈപ്പില്‍ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. 

തുടർന്ന്, ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു. കൂടാതെ, ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നും 10 ലക്ഷം രൂപധനസഹായവും കൈമാറുമെന്നുമാണ് വിവരം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. 

Content Highlights: Railways should compensate Joys family, says AA Rahim