വരുമാനച്ചോർച്ച: ടിക്കറ്റ് പരിശോധന കർശനമാക്കാൻ റെയിൽവേ, ഒരുമാസം പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ്

#രതീഷ് രവി
പ്രതീകാത്മകചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

കൊല്ലം: വരുമാനച്ചോർച്ച തടയുന്നതിന് ടിക്കറ്റ് പരിശോധന കർശനമാക്കാൻ റെയിൽവേ. ഇളവുകൾ ഉപയോഗിച്ച് ബുക്കുചെയ്ത ടിക്കറ്റുകൾ, പ്രത്യേക റിസർവേഷൻ ക്വാട്ടകളിൽ ബുക്കുചെയ്ത ടിക്കറ്റുകൾ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കാൻ നിർദേശം നൽകി. ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ എല്ലാ യാത്രക്കാരുടെയും തിരിച്ചറിയൽ രേഖ പരിശോധിക്കും.

വരുമാനച്ചോർച്ച തടയുന്നതിനും ക്വാട്ട, ഇളവ്, പാസ് എന്നിവയുടെ ദുരുപയോഗം ഒഴിവാക്കുന്നതിനുമാണ് നടപടി. ഏജന്റുമാരുടെ അതിപ്രസരംമൂലം ക്രമക്കേടുകൾ വ്യാപകമായതായി വിലയിരുത്തലുമുണ്ട്.

ഒക്ടോബർ ഒന്നുമുതൽ 31 വരെ പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് നടത്താനാണ് ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും നിർദേശം നൽകിയിരിക്കുന്നത്. ടിക്കറ്റിൽ ഉൾപ്പെട്ട യാത്രക്കാരിൽ കുറഞ്ഞത് ഒരാളെങ്കിലും നിർദേശിച്ചിട്ടുള്ള യഥാർഥ തിരിച്ചറിയൽ രേഖ കൈവശംെവച്ചിട്ടില്ലെങ്കിൽ, ആ ടിക്കറ്റിലെ എല്ലാ യാത്രക്കാരും ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരായി കണക്കാക്കും.

ഇവരിൽനിന്ന് പിഴയീടാക്കും. ഇളവ് അല്ലെങ്കിൽ പ്രത്യേക റിസർവേഷൻ ക്വാട്ടയിൽ ബുക്ക് ചെയ്ത യാത്രക്കാരൻ, അർഹത തെളിയിക്കുന്ന യഥാർഥ രേഖ കൈവശംവയ്ക്കണം. ടിക്കറ്റ് പരിശോധകർ ഇക്കാര്യങ്ങൾ കണ്ട് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ഡിജിറ്റൽ പാസ് ഉപയോഗിച്ച് യാത്രചെയ്യുന്നവരിൽ ഒരാളുടെ കൈവശമെങ്കിലും നിർദേശിച്ചിട്ടുള്ള യഥാർഥ തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം. റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകൾ യഥാർഥമാണെന്ന് ടി.ടി.ഇ. ആപ്പ് ഉപയോഗിച്ച് ഉറപ്പാക്കണം.

പരിശോധനാ ഡ്രൈവിന്റെ വിവരങ്ങൾ ദിവസേന നിശ്ചിത ഗൂഗിൾ ഷീറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക ഡ്രൈവിനിടെ കണ്ടെത്തുന്ന എല്ലാ കേസുകളും സംഭവങ്ങളും ദിവസവും ബന്ധപ്പെട്ട ഓഫീസിനെ അറിയിക്കണം. ഡ്രൈവ് അവസാനിച്ചതിനുശേഷം 10 ദിവസത്തിനുള്ളിൽ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.