കേസും പരാതിയുമില്ലാത്ത ആരോപണങ്ങളില്‍ രാജിവേണ്ട, അത്തരം കീഴ്‌വഴക്കം കേരളത്തിലില്ല- സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ, സണ്ണി ജോസഫ് | ഫോട്ടോ - മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ, സണ്ണി ജോസഫ് | ഫോട്ടോ - മാതൃഭൂമി

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദം രാജിവെയ്ക്കണമെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരു പാര്‍ട്ടിക്കും അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കാനുള്ള ധാര്‍മികതയുമില്ല. കേസും പരാതിയുമില്ലാത്ത ആരോപണങ്ങളില്‍ രാജിവെയ്ക്കുന്ന കീഴ്‌വഴക്കം കേരളത്തിലില്ല. ഗുരുതരമായ കേസുകളും എഫ്‌ഐആറുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെയ്ക്കാത്ത നിരവധി സംഭവങ്ങള്‍ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങളെ പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ത്തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തുനില്‍ക്കാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവെച്ച് മാതൃക കാണിച്ചു. തുടര്‍നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. പാര്‍ട്ടിക്കോ നിയമപരമായോ വിഷയത്തില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ പദം രാജിവെയ്ക്കണമെന്ന് പറയുന്നതില്‍ ഒരു ന്യായീകരണവും യുക്തിയുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 

ആര്‍ക്കും അത്തരത്തില്‍ രാഹുല്‍ രാജിവെയ്ക്കണമെന്ന ആവശ്യമുന്നയിക്കാനുള്ള ധാര്‍മികതയുമില്ല. അങ്ങനെ ഒരു പാരമ്പര്യം കേരള രാഷ്ട്രീയത്തിലില്ല. പരാതിയും കേസുമില്ലാത്ത ആരോപണങ്ങളില്‍ രാജിവെയ്ക്കുന്ന കീഴ്വഴക്കം കേരളത്തിലില്ല. ഉപദേശിക്കുന്നവരുടെ ആഗ്രഹം എന്താണെന്നറിയാം. ഗുരുതരമായ കേസുകളും എഫ്‌ഐആറും ചാര്‍ജ് ഷീറ്റുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെയ്ക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

 സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും അങ്ങേയറ്റം സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിനേതൃത്വം സമചിത്തതയോടെ ആലോചിച്ച് ഏകാഭിപ്രായത്തോടെ എടുത്ത തീരുമാനമാണ് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുക എന്നത്. അത് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ രാഹുലിനെ അറിയിച്ചു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി അംഗവും അല്ല എന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Content Highlights: KPCC chief defends Rahul Mankootil, stating no grounds for MLA resignation