'ഒന്നും ഡിലീറ്റ് ചെയ്യരുത്, നിയമം എന്തുചെയ്യും എന്നറിയണ്ടേ?' മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ഹണി

രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | ഹണി ഭാസ്കരൻ | Image credit: @Honeybhaskeran fb page
രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | ഹണി ഭാസ്കരൻ | Image credit: @Honeybhaskeran fb page

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എഴുത്തുകാരി ഹണി ഭാസ്‌കരന്‍. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും ഇ-മെയിലിലൂടെയാണ് പരാതി അയച്ചത്. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നാണ് ഹണി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ഇത്തരം ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരമോന്നതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണ് എന്നാണ് പരാതി നല്‍കിയ ശേഷം ഫെയ്‌സുബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹണി വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരായ പോസ്റ്റുകളും കമന്റുകളും ആരും ഡിലീറ്റ് ചെയ്യരുതെന്നും എല്ലാവര്‍ക്കുമുള്ള പൊതിച്ചോറ് വീട്ടിലെത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയേണ്ടേയെന്നും ഹണി പേസ്റ്റിലൂടെ ചോദിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം; 

സ്ത്രീകള്‍ ഏതെങ്കിലും രീതിയില്‍  തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉടന്‍ സൈബര്‍ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെര്‍വേര്‍റ്റുകളുടെ ആഘോഷം കണ്ടു. 

ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നു. പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതി. നിങ്ങളെ ജനിപ്പിച്ചത് ഓര്‍ത്ത് അവര്‍ തലയില്‍ കൈ വെച്ചാല്‍ മതി. എന്നെ തീര്‍ത്തു കളയാന്‍ പറ്റില്ല. ആ കരുത്തോടെയാണ് മുമ്പോട്ട്. 

എനിക്ക് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍  സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? 

പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...! സൈബര്‍ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി...! 

ഹണി ഭാസ്കരൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് 

Content Highlights: rahul mamkoottathil sexual abuse case honey bhaskaran files complaint kerala news