'പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു' ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെന്ന് രാഹുൽ, പക്ഷേ പറഞ്ഞില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണവുമായി രംഗത്ത്. ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ട രാഹുല്‍ പക്ഷേ മറ്റ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ശക്തമായി ഉയരുന്നതിനിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. തന്റെ രാജിക്കാര്യത്തെ കുറിച്ച് രാഹുല്‍ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 

 'രാഹുല്‍ നല്ല സുഹൃത്താണെന്നും മോശമായിട്ട് പെരുമാറിയിട്ടില്ല' എന്നും അവന്തിക മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദസന്ദേശമാണ് രാഹുല്‍ പുറത്തുവിട്ടത്. പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് അവന്തികയാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ശബ്ദ സന്ദേശം പുറത്തുവിട്ടത്. അതേസമയം തനിക്കുനേരെ ഉയര്‍ന്ന മറ്റു ആരോപണങ്ങളെ രാഹുല്‍ നിഷേധിച്ചില്ല.

'ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങള്‍ തേടാതെയാണ് പല വാര്‍ത്തകളും വരുന്നത്. ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല' രാഹുല്‍ പറഞ്ഞു.

ഒരുപാട് കാര്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയും. കോടതിയും നിയമങ്ങളുമാണ് താന്‍ കുറ്റക്കാരനാണെന്ന് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ട് വിശദീകരണത്തിന് വൈകുന്നുവെന്ന ചോദ്യത്തിന് 'എല്ലാ മനുഷ്യരെ പോലെയും എനിക്ക് ഫീലിങ്‌സും ഇമോഷന്‍സും ഉണ്ട്' രാഹുല്‍ മറുപടി നല്‍കി.

'ഞാന്‍ ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ട വരുന്നതില്‍ വിഷമം തോന്നുന്നുണ്ട്' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: rahul mamkootathil Responds to Sexual Harassment Allegations, Remains Silent on Resignation Demands