അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ സഭയിൽ,യൂത്ത് കോൺഗ്രസിന്റെ ചേര്‍ത്തുപിടിക്കല്‍,പ്രതിഷേധം, വിശദീകരണം

രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുക്കം തുടങ്ങി. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. സഭയിലെത്തുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ളവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സഭയിലെത്തിയതെന്ന വാര്‍ത്തകള്‍ ഉയര്‍ന്നതോടെ രാഹുല്‍ വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോടും മറ്റു ചോദ്യങ്ങളും രാഹുല്‍ ഇന്നും പ്രതികരണം നടത്തിയില്ല. വി.ഡി.സതീശനോ മറ്റു നേതാക്കളോ സഭയില്‍ വരേണ്ടതില്ലായെന്ന് നിര്‍ദേശിച്ചിരുന്ന എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞ് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ മടങ്ങുന്നതാണ് രാഹുലിന്റെ പതിവ്.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷനൊപ്പമായിരുന്നു രാഹുല്‍ സഭയിലെത്തിയത്. പാര്‍ട്ടി നടപടി നേരിടുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുലിനൊപ്പം ചേര്‍ന്നത്. രാഹുലിനെതിരെയുള്ള പാര്‍ട്ടി നടപടികളില്‍ വി.ഡി.സതീശന്റെ നിലപാടുകളില്‍ യൂത്ത് കോണ്‍ഗ്രസില്‍നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയുള്ള ഈ നീക്കം കോണ്‍ഗ്രസില്‍ ചര്‍ച്ചയായിട്ടുണ്ട്.

എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ നിയമസഭയില്‍ വരുന്നത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കെ.മുരളീധരന്‍ അടക്കമുള്ള മറ്റു നേതാക്കളും പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഒപ്പം എത്തിയത് സംബന്ധിച്ച് നേതാക്കള്‍ പ്രതികരിച്ചില്ല. ഷാഫി പറമ്പില്‍ എംപിയും ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി.

സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ നിയമസഭയിലെത്തിയത്. വി.എസ്.അച്യുതാനന്ദന്‍,വാഴൂര്‍ സോമന്‍, പി.പി.തങ്കച്ചന്‍ തുടങ്ങിയ നേതാക്കളെ അനുസ്മരണം മാത്രമായിരുന്നു ഇന്ന് സഭയിലുണ്ടായിരുന്നത്. സഭാ സമ്മേളനം ആരംഭിച്ച ശേഷമാണ് രാഹുല്‍ കയറി വന്നത്. 

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. സിപിഎമ്മുമായി കലഹിച്ചപ്പോള്‍ മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട പി.വി. അന്‍വറിനെ ഇരുത്തിയ സീറ്റണ് രാഹുലിനു  നല്‍കിയിരുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്. സഭാ നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പേ ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് കൈവീശി കാണിച്ചെങ്കിലും  പ്രതികരണത്തിന് തയ്യാറായില്ല.

ഭരണപക്ഷം പ്രതിഷേധമുയര്‍ത്തുമെന്ന സൂചനകള്‍ക്കിടയിലായിരുന്നു രാഹുല്‍ സഭയില്‍നിന്ന് നേരത്തെ ഇറങ്ങിയത്. നേരെ എംഎല്‍എ ഹോസ്റ്റലിലേക്ക് പോയ രാഹുലിനുനേരെ പിന്നീട് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായി. പോലീസ് പ്രവര്‍ത്തകരെ പിടിച്ചു മാറ്റിയ ശേഷം രാഹുലിനെ കടത്തി വിട്ടു. പിന്നീട് നിയമസഭയുടെ പ്രധാന കവാടത്തിന് മുന്നിലെത്തിയാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

വരും ദിവസങ്ങളില്‍ രാഹുല്‍ സഭയിലെത്തി ചര്‍ച്ചകളില്‍ പങ്കാളിയാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാഹുല്‍ ഈ ചോദ്യത്തോടൊപ്പം പ്രതികരിച്ചില്ല.

ഭരണപക്ഷത്തിന് ആയുധം നല്‍കാതിരിക്കാന്‍ രാഹുല്‍ മാറിനില്‍ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താത്പര്യം. എന്നാല്‍, കോണ്‍ഗ്രസില്‍ ഒരുവിഭാഗം ഇതിനോടു യോജിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ന്നിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍, സഭയില്‍ വന്നാലും രാഹുലിന് പ്രതിപക്ഷത്തിന്റെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുക്കാനോ ഇടപെടാനോ കഴിയില്ല. സാമാജികനെന്ന അവകാശത്തിലുള്ള നടപടിക്രമങ്ങളില്‍ മാത്രമേ പങ്കെടുക്കാനാവൂ.

എന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ഏത് ആരോപണങ്ങളേയും പ്രതിരോധിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്തുമെന്ന വാദമാണ് വി.ഡി.സതീശന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും രാഹുലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഇത് ഭരണപക്ഷം ആയുധമാക്കിയേക്കും. രാഹുലിനെതിരായ നടപടികളില്‍ വി.ഡി.സതീശന്റെ കടുത്ത നിലപാടുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗംകൂടിയാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. സതീശനെതിരെ രാഹുലിനെ അനുകൂലിക്കുന്നവരുടെ ഭാഗത്ത് നിന്ന് സൈബര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ കൂടിയാണിത്. 

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുമായി ഏറ്റവും ശക്തമായി മുന്നോട്ട് പോവാനും അവരുടെ സമയവും ഊര്‍ജ്ജവും അതിനുവേണ്ടി ചെലവഴിക്കാനും രാഹുല്‍ പുറത്തുവന്ന സമയത്ത് മാധ്യമങ്ങൾ മുഖേനെ ആവശ്യപ്പെട്ടിരുന്നു. 

Content Highlights: rahul mamkootathil Returns to Kerala Assembly Amidst Sexual Assault Allegations