ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, ഭീഷണിപ്പെടുത്തൽ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ കരട് കുറ്റപത്രം തയാറാക്കി SIT

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | ചിത്രം: മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഈ കരട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഇനി പോലീസിന് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ച ശേഷമാകും അന്വേഷണ സംഘം തുടർന്നുള്ള നിയമനടപടികളിലേക്ക് കടക്കുക.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആകെ മൂന്ന് ബലാത്സംഗ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അവസാനം രജിസ്റ്റർ ചെയ്ത തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് നേരത്തെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ മറ്റു രണ്ട് കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ പോലീസ് മാസങ്ങളോളം സമയമെടുത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേസുകളിലെ അന്വേഷണം അവസാനിച്ചു എന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ നിലനിൽക്കെയാണ് പോലീസ് ഇപ്പോൾ ബാക്കി രണ്ടു കേസുകളിലെയും അന്വേഷണം പൂർത്തിയാക്കിയിരിക്കുന്നത്.

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് രാഹുലിനെതിരെയുള്ള ആദ്യത്തെ കേസ് ഒരു. ഈ കേസിലെ കരട് കുറ്റപത്രത്തിൽ ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണി, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ ബലാത്സംഗത്തിന് പുറമേ വഞ്ചനക്കുറ്റവും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനുള്ള വകുപ്പുകളും ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസുകൾ അന്വേഷിച്ചത്. അവർക്ക് സിബിഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചതോടെയാണ് കേസിന്റെ ചുമതല ഒഴിയേണ്ടി വന്ന സാഹചര്യമുണ്ടായി. ഡെപ്യൂട്ടേഷനിൽ പോകുന്നതിന് തൊട്ടുമുൻപ് അവർ കരട് കുറ്റപത്രം പരിശോധിച്ച് അംഗീകരിക്കുകയും തുടർ നിയമോപദേശത്തിനായി ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറുകയും ചെയ്തു. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസിന്റെ വകുപ്പുകളിലും പ്രതിപ്പട്ടികയിലും അന്തിമ തീരുമാനമെടുക്കുക. നിയമോപദേശം ലഭിച്ച ശേഷം ഡിസംബർ പകുതിക്ക് മുൻപായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Content Highlights: The Special Investigation Team has drafted chargesheets in two remaining rape cases against former Congress leader Rahul Mamkootathil, forwarding them for legal advice ahead of a planned court submission before mid-December.