രാഹുലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി

#മാതൃഭൂമി ന്യൂസ്‌
Photo: facebook.com/rahul mamkootathil
Photo: facebook.com/rahul mamkootathil

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചില്ല. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി ഉടൻ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം.

ചൊവ്വാഴ്ച 12.15-ന് കോടതി ചേരുകയും രാഹുലിന്റെ കേസ് ആദ്യംതന്നെ വിളിക്കുകയും ചെയ്തു. അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും കസ്റ്റഡിയിൽ വിടരുതെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

Content Highlights: Rahul Mamkootathil remanded to 3-day police custody in a third rape case. Court denies bail, to consider application on 16th. Investigation continues.