ശബ്ദം രാഹുലിന്റേത്; CCTV ദൃശ്യങ്ങൾ നീക്കി, മുങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ; ചുവന്ന കാറിൽ സുഹൃത്തും

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | Photo: മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ | Photo: മാതൃഭൂമി

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോഴും ഒളിവിൽ. പ്രത്യേക സംഘം വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടുനിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. സ്വന്തം കാർ ഉപേക്ഷിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് യാത്രചെയ്തതെന്നാണ് സൂചന. ഒരു ചലച്ചിത്രതാരത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് വിവരമുണ്ട്. സുഹൃത്തും കേസിലെ രണ്ടാംപ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ജാമ്യഹർജിക്കൊപ്പം ഉൾപ്പെടുത്താൻ കൂടുതൽ തെളിവുകൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ രേഖകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് ഹാജരാക്കിയത്. ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കും.

പാലക്കാട് ഫ്ലാറ്റിൽനിന്ന് പോകുംമുൻപ്‌ അവിടെ അവസാനം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽനിന്ന് മായ്ച്ചുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെയർടേക്കറിൽനിന്നുൾപ്പടെ പ്രത്യേക സംഘം മൊഴി ശേഖരിച്ചിരുന്നു.

കൂടാതെ, രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലർക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ജാമ്യഹർജി പരിഗണിക്കുംവരെ കാത്തിരിക്കാതെ അദ്ദേഹത്തെ പിടികൂടാനാണ് ശ്രമമെന്ന് പോലീസ് പറയുന്നു. തെളിവുശേഖരണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അറസ്റ്റുൾപ്പടെയുള്ള നടപടികൾ ബുധനാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂവെന്നും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Content Highlights: MLA Rahul Mamkootathil Remains at Large Amidst Pregnancy and Forced Abortion Case Investigation