ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം; അധ്യക്ഷസ്ഥാനം തെറിക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ |ഫോട്ടോ:അരുണ്‍ നിലമ്പൂര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ |ഫോട്ടോ:അരുണ്‍ നിലമ്പൂര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായതോടെ അദ്ദേഹം രാജി വച്ചേക്കുമെന്നാണ് വിവരം.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹ പറഞ്ഞു. സംഘടനാ ഗ്രൂപ്പിലായിരുന്നു സ്‌നേഹയുടെ പ്രതികരണം. 

'നിരവധി പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണിത്. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലുള്ള ആരോപണങ്ങള്‍ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. സംസ്ഥാന അധ്യക്ഷനുനേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ട്. മെഗാ സീരിയല്‍ പോലെയാണ് എന്നും ഒരോ കഥകള്‍ പുറത്ത് വരുന്നത്' സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നു.

മറ്റു ചില നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി സ്ഥിതിക്ക് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്തും പരാതി എത്തിയിട്ടുണ്ട്. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജി വച്ചേക്കുമെന്നാണ് വിവരം.

Content Highlights: Kerala Youth Congress President rahul mamkootathil Faces Calls for Resignation Amidst Allegations