‘ഭീതിമൂലമുള്ള സമ്മതം സ്വമേധയാ ആണെന്ന് പറയാനാവില്ല’; BNS 28-ാം വകുപ്പ് ആയുധമാക്കി പ്രോസിക്യൂഷന്‍

#പി.കെ. മണികണ്ഠൻ
Photo: facebook.com/rahulbrmamkootathil/
Photo: facebook.com/rahulbrmamkootathil/

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യഹർജിയിൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആദ്യം വാദിച്ച പ്രതിഭാഗം, ലൈംഗികബന്ധവും ഗർഭച്ഛിദ്രവും നടന്നത് ഉഭയകക്ഷി സമ്മതത്തോടെയാണെന്നു പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാൽ, യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യഹർജിയെ ശക്തമായി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരി, ഭാരതീയ ന്യായസംഹിതയിലെ 28-ാം വകുപ്പ് ആയുധമാക്കി.

ഉഭയകക്ഷി സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും രാഹുൽ പറയുമ്പോഴും ഭീതിയാലോ തെറ്റായ ധാരണയാലോ ഉള്ള സമ്മതം സ്വമേധയാ ആണെന്നു പറയാനാവില്ലെന്ന് നിയമത്തിൽ വ്യക്തമാണെന്നും പ്രോസിക്യൂഷൻ സമർഥിച്ചു. ഈ വാദവും രണ്ടാമത്തെ പരാതിയുമെല്ലാം മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതിലേക്ക് നയിച്ചു. പ്രതിഭാഗത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ ഹാജരായി.

കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ ഇങ്ങനെ:

പ്രതിഭാഗം: ഇരുവരും തമ്മിൽ സൗഹൃദമായിരുന്നു. വിവാഹിതയാണ് യുവതി. ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് ആവശ്യപ്പെട്ടതും യുവതി. രാഹുൽ എംഎൽഎയും പൊതുപ്രവർത്തകനുമായതിനാൽ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസ്. (സൗഹൃദത്തിന്റെ ചിത്രങ്ങളും ഫോൺ സംഭാഷണത്തിന്റെ ഡിജിറ്റൽ തെളിവും ഹാജരാക്കി)

പ്രോസിക്യൂഷൻ: യുവതിയുടെ കുടുംബപ്രശ്നം മുതലാക്കി സൗഹൃദം നടിച്ച് രാഹുൽ ലൈംഗികചൂഷണം നടത്തി. ഗർഭം വിവാഹബന്ധത്തിലേതാണെങ്കിൽ രാഹുൽ എന്തിന് യുവതിയെ ഗർഭച്ഛിദ്രത്തിനു നിർബന്ധിക്കണം? യുവതിയിൽ ഒരു കുട്ടി വേണമെന്നു രാഹുൽ സംസാരിച്ചതിന്റെ തെളിവുണ്ട്. ഗർഭച്ഛിദ്രം സംബന്ധിച്ച സംഭാഷണത്തിന്റെ പൂർണരൂപം പ്രതിഭാഗം ഹാജരാക്കിയ തെളിവിലില്ല. പരാതി രാഷ്ട്രീയപ്രേരിതമല്ല. അങ്ങനെയെങ്കിൽ മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നൽകില്ലല്ലോ. മാത്രമല്ല, മറ്റൊരു യുവതിയും പരാതി നൽകിയിട്ടുണ്ട്.

പ്രതിഭാഗം: പ്രോസിക്യൂഷൻ പറയുന്നത് നാഥനില്ലാത്ത പരാതിയെക്കുറിച്ചാണ്.

പ്രോസിക്യൂഷൻ: കെപിസിസി അധ്യക്ഷൻ പോലീസിനു കൈമാറിയതാണ് ആ പരാതി. എംഎൽഎയും പൊതുപ്രവർത്തകനുമാണ് അദ്ദേഹം.

പ്രതിഭാഗം: ജാമ്യഹർജി കോടതി പരിഗണിക്കവേ പൊടുന്നനെ വന്നതാണ് രണ്ടാമത്തെ പരാതി.

പ്രോസിക്യൂഷൻ: അതിജീവിതയ്ക്കെതിരേ ശക്തമായ സൈബർ ആക്രമണം നടന്നു. ആ കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്ത് സമൂഹത്തിന് കോടതി നൽകിയത് ശക്തമായൊരു സന്ദേശമായിരുന്നു. പരാതിപ്പെട്ടാൽ രഹസ്യാത്മകത സംരക്ഷിക്കപ്പെടുമെന്നും വേട്ടയാടപ്പെടില്ലെന്നുമുള്ള ഈ ആത്മവിശ്വാസത്തിലാണ് രണ്ടാമത്തെ പരാതിക്കാരി രംഗത്തുവന്നത്.

പ്രതിഭാഗം: ദുരുദ്ദേശ്യമില്ലെങ്കിൽ, മുൻപേ വിവാദമായ കേസിൽ യുവതി എന്തുകൊണ്ട് പരാതി ഇത്രയും വൈകിച്ചു?

പ്രോസിക്യൂഷൻ: നവംബർ 19 വരെ രാഹുലിന്റെ ഭീഷണിയുടെ നിഴലിലും നിയന്ത്രണത്തിലുമായിരുന്നു യുവതി.

പ്രതിഭാഗം:ഉഭയകക്ഷിബന്ധത്തോടെയാണ് ലൈംഗികബന്ധവും ഗർഭച്ഛിദ്രവും. അതിനാൽ, ബലാത്സംഗമെന്നു പറയാനാവില്ല.

പ്രോസിക്യൂഷൻ: അടുപ്പം നടിച്ചും കൂടെയുണ്ടാവുമെന്നു വ്യാജവാഗ്ദാനം നൽകിയും യുവതിയെ ബലാത്സംഗം ചെയ്തു. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ സമ്മർദത്തിലാക്കി. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചതിനു തെളിവുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 28-ാം വകുപ്പനുസരിച്ച് പേടിപ്പിച്ചോ തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലോ ഉള്ള ഉഭയകക്ഷിസമ്മതമെന്നാൽ സ്വന്തം ഇച്ഛയാലുള്ളതല്ല.

Content Highlights: Key arguments in Rahul Mamkootathil`s bail plea. Prosecution counters defense claims on consent for sexual relations and abortion.