മോദിയെ ട്രംപ് നിയന്ത്രിക്കുന്നു, പിണറായിയെ മോദിയും; കേരളത്തിൽ സി.പി.എം-ബി.ജെ.പി. കൂട്ടുകെട്ട്- രാഹുൽ

#ന്യൂസ് ഡെസ്ക്ക്
Photo: ANI
Photo: ANI

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 

കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്  മോദിയാണെന്നും അദ്ദേഹം ആരോപിച്ചു.  ഇ.ഡി. തന്നെ ചോദ്യംചെയ്തത് മണിക്കൂറുകളാണ്. എന്തുകൊണ്ട് പിണറായിക്കെതിരേ ഇ.ഡി. അനങ്ങുന്നില്ല. കേരളത്തിൽ സി.പി.എം. ബി.ജെ.പി. കൂട്ടുകെട്ടാണ്. ഇവർ യു.ഡി.എഫിനെ തോൽപ്പിക്കാൻ കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആഗോളതലത്തിൽ  പ്രശ്‌നങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ആശങ്കയിൽ കഴിയുമ്പോൾ പ്രധാനമന്ത്രി നിശ്ശബ്ദനായി ഇരിക്കുകയാണ്. രാജ്യത്തിന്റെ കാർഷികരംഗം വിദേശരാജ്യത്തിനുവേണ്ടി പ്രധാനമന്ത്രി തുറന്നുകൊടുത്തു. യു.എസുമായി കരാറൊപ്പിട്ടും ജനങ്ങളെ വഞ്ചിച്ചു. മോദി ഇപ്പോൾ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതനായിരിക്കുകയാണെന്നും എല്ലാത്തിനും കാരണം എംപ്സ്റ്റീൻ ഫയലാണെന്നും രാഹുൽ പറഞ്ഞു.

കേരളം എന്നത് കേവലം ഇന്ത്യയിലെ ഒരു മനോഹരമായ സംസ്ഥാനം മാത്രമല്ല, മറിച്ച് ഒരാഗോള ആശയവും സങ്കല്പവുമാണെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഗൾഫ് മേഖലയിൽ നിലവിൽ തുടരുന്ന സംഘർഷങ്ങളിൽ പ്രവാസികൾക്ക് വലിയ ഉത്കണ്ഠയുണ്ടെന്നും അവരുടെ സുരക്ഷയും ക്ഷേമവും പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം സഞ്ജു സാംസണെ അദ്ദേഹം പ്രശംസിച്ചു. സഞ്ജുവിന്റെ പേരെടുത്തു പറഞ്ഞ് പ്രസംഗം ആരംഭിച്ച രാഹുലിന്റെ വാക്കുകളെ സദസ്സ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.