‘നിങ്ങൾ ഭൂതകാലം, ഇന്ത്യയുടെ ഭാവിയോട് കളിക്കുമ്പോൾ സൂക്ഷിക്കണം’; മോദിയോടും ഷായോടും രാഹുൽ

#ന്യൂസ് ഡെസ്ക്
നരേന്ദ്രമോദി | Photo: PTI | രാഹുൽ ഗാന്ധി | Photo: ANI
നരേന്ദ്രമോദി | Photo: PTI | രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും െജൻസീയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ‘‘നിങ്ങളിരുവരും ഇന്ത്യയുടെ ഭൂതകാലമാണ്. രാജ്യത്തിന്റെ ഭാവിയെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം’’ -രാഹുൽ പറഞ്ഞു.

മോദിക്കും ഷായ്ക്കും ഭീഷണിയിലൂടെ വിദ്യാർഥികളെ നിശ്ശബ്ദരാക്കാനാവില്ല. ആദ്യം നിങ്ങളവരുടെ എല്ലുകൾ തകർത്തു. ഇപ്പോൾ എഫ്.ഐ.ആറിടുന്നു. അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നീക്കുന്നു. ഇന്ത്യയുടെ ഭാവിയോട് കളിക്കുമ്പോൾ ശ്രദ്ധാലുക്കളാവണമെന്ന് രാഹുൽ എക്സിൽ കുറിച്ചു.

ലജ്ജ അവശേഷിക്കുന്നെങ്കിൽ അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിലെ കുറിപ്പിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരേ നടപടി സ്വീകരിക്കില്ലെന്ന വ്യവസ്ഥയിൽ പ്രതിഷേധം പിൻവലിച്ചശേഷം, സർക്കാർ പിന്നാക്കം പോകുകയാണ്. വിദ്വേഷനടപടികളിലൂടെ വിദ്യാർഥികൾക്കെതിരേ എഫ്.ഐ.ആർ. ഫയൽചെയ്ത് ബലമായി കസ്റ്റഡിയിലെടുക്കുന്നു. യുവാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നു. പെൺകുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കുന്നു.

ഉത്തരവാദിത്വമേൽക്കുന്ന പ്രസ്താവന നടത്താത്ത ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽപ്പോലും കാലുകുത്താതെ ധിക്കാരം കാട്ടുന്നു. മുഖംരക്ഷിക്കാനും പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള ഈ തന്ത്രം നടക്കില്ല. നിങ്ങളെക്കുറിച്ചുള്ള സത്യം യുവജനങ്ങൾ മനസ്സിലാക്കി -ഖാർഗെ പറഞ്ഞു.

Content Highlights: Rahul Gandhi accuses PM Modi and Amit Shah of intimidating students., Opposition claims authorities are filing FIRs and blocking social media accounts of youth., Mallikarjun Kharge demands Amit Shah's resignation over the handling of student protests., Government accused of breaking promises made to protesters regarding immunity from legal action.