മുംബൈയിൽനിന്ന് പറന്നുയർന്നു;1,000 കിലോമീറ്റർ താണ്ടി മത്സരപ്രാവുകൾ തിരൂരിലെത്തി

തിരൂർ: ആകാശത്തിന്റെ അതിർവരമ്പുകൾ കീഴടക്കി മത്സരപ്രാവുകൾ 1,000 കിലോമീറ്റർ താണ്ടി മുംബൈയിൽനിന്ന് പറന്നുയർന്ന് തിരൂരിലെത്തി. മലബാർ റേസിങ് പീജിയൻ ക്ലബ്ബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ പ്രാവ് പറത്തൽ മത്സരത്തിൽ തിരൂർ നടുവിലങ്ങാടി സ്വദേശി പപ്പടക്കാരകത്ത് മുഹമ്മദലി-ഉമ്മയ്യകുട്ടി ദമ്പതികളുടെ മകനും തിരൂർ നടുവിലങ്ങാടിയിലെ പ്രിയ ഗാർഡൻ നഴ്‌സറി ഉടമയുമായ ഷാനവാസ് ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടി. ഈ മാസം 19-ന് രാവിലെ എട്ടിന് മുംബൈയിൽനിന്ന് പറന്നുയർന്ന പ്രാവുകൾ, രണ്ടാംദിവസം 20-ന് ഉച്ചയ്ക്ക് 11.58-ന് തന്നെ തിരൂരിലെ നവാസിന്റെ വീട്ടിൽ തിരിച്ചെത്തി.
നവാസിനും കുടുംബത്തിനും ഇത് ഇരട്ടിമധുരമുള്ള വിജയമാണ്. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ക്ലബ്ബുകൾ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ 19-ഓളം പ്രാവ് വളർത്തൽ പ്രേമികളാണ് പങ്കെടുത്തത്. മുംബൈയിലെ കുഡൂസ് എന്ന സ്ഥലത്തുനിന്നാണ് മത്സരത്തിനായി പ്രാവുകളെ തുറന്നുവിട്ടത്.
കേരളത്തിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ 'സെക്കൻഡ് ഡേ' റെക്കോഡുകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. പ്രാവുകളുടെ കാലിൽ ഘടിപ്പിച്ച പ്രത്യേക ടാഗുകൾ സ്‌കാൻചെയ്ത് മൊബൈൽ ആപ്പ് വഴിയാണ് സമയം കൃത്യമായി രേഖപ്പെടുത്തിയത്. 2018 മുതൽ പ്രാവുകളെ പരിശീലിപ്പിക്കുന്നതിൽ സജീവമായ ഷാനവാസ്, തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്. ഭാര്യ സുഹറയും മക്കളായ മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷഹിൻ, മുഹമ്മദ് ഷദിൻ എന്നിവരും നവാസിന്റെ ഈ വിനോദത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. താനാളൂരിലെ റഫീഖ് സാൽവേയും പ്രാവ് മൂന്നാം സ്ഥാനവും നേടി.
Content Highlights: Witness incredible pigeon racing! 1000km from Mumbai to Tirur, a new speed record set by Malabar Racing Pigeon Club. Discover the champion and the thrilling event.