ആരുപറഞ്ഞു രാജിക്കത്ത് നൽകിയെന്ന്? സാധാരണ നടപടിയെന്ന് മേയർ; മുൾമുനയിൽനിന്ന് ആശ്വാസത്തിലേക്ക് ബിജെപി

തിരുവനന്തപുരം: ‘ശ്രീലേഖച്ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്നനിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ഠയും ഉണ്ട്. അക്കാര്യം ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം, ദൗർഭാഗ്യവശാൽ അതു മാധ്യമചർച്ചയ്ക്കു കാരണമായി.
ആർ.ശ്രീലേഖ രാജിവെച്ചു എന്ന വാർത്ത ശരിയല്ല’ -ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷ് ഞായറാഴ്ച രാവിലെ ഫെയ്സ് ബുക്കിൽ ഇങ്ങനെ കുറിപ്പിട്ടതോടെ, മുൾമുനയിൽനിന്നിരുന്ന ബി.ജെ.പി. ക്യാമ്പിൽ ആശ്വാസം മടങ്ങിയെത്തി. എന്തോ സ്ഥാനങ്ങൾ കിട്ടാത്തതിന്റെപേരിൽ ശ്രീലേഖ പാർട്ടിയുമായി വിലപേശുകയാണ് എന്നനിലയിലൊക്കെ കഥകളുണ്ടാക്കിയത് സമാന്യമര്യാദയ്ക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചിലർ ബി.ജെ.പി.യുടെ കോർപ്പറേഷൻ ഭരണം ഇല്ലാതാകുമെന്ന് ദിവാസ്വപ്നം കാണുകയായിരുന്നു. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി.കൂടിയായ ശ്രീലേഖ പാർട്ടിയോടുള്ള പ്രതിബദ്ധത എപ്പോഴും കാത്തുസൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നനിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും സുരേഷ് കുറിച്ചു.
ആരുപറഞ്ഞു രാജിക്കത്ത് നൽകിയെന്ന് ?
ശ്രീലേഖ തനിക്കു രാജിക്കത്ത് നൽകി എന്ന വാർത്ത ശരിയല്ലെന്ന് മേയർ വി.വി.രാജേഷ്. ആരുപറഞ്ഞു രാജിക്കത്ത് നൽകിയെന്ന് ?, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല -ശ്രീലേഖയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം വി.വി.രാജേഷ് മാധ്യമങ്ങളോടു പറഞ്ഞു.
മേയർ എന്നനിലയ്ക്ക് എൽ.ഡി.എഫ്., യു.ഡി.എഫ്. കൗൺസിലർമാരും തനിക്ക് കത്തുകൾ തരാറുണ്ട്. സഹായങ്ങളും മറ്റും ആവശ്യപ്പെട്ടുള്ള അത്തരം കത്ത് മാത്രമാണ് ശ്രീലേഖയും തന്നത്. പ്രവർത്തനങ്ങൾ സുഗമമാക്കാനായിരുന്നു അത്. കത്തിലെ ചില കാര്യങ്ങളിൽ ഭരണപക്ഷ കൗൺസിലർ എന്നനിലയിൽ പാർട്ടി ഇടപെടേണ്ടവയായിരുന്നു. ചില കാര്യങ്ങൾ മേയർ ചെയ്യേണ്ടതും. അക്കാര്യമെല്ലാം സ്വാഭാവികമാണ്. അഞ്ചുവർഷത്തേക്ക് ജനം തിരഞ്ഞെടുത്തയാൾ അഞ്ചുവർഷവും പൂർത്തിയാക്കും -മേയർ പറഞ്ഞു.
Content Highlights: BJP leadership and Mayor VV Rajesh officially clarified that former DGP and leader R. Sreelekha has not resigned, dismissing media speculations regarding her health-related anxieties.