‘ക്ലാസിൽ പോകാതിരുന്നാൽ അത് എല്ലാവരും അറിയില്ലേ, അത് നാണക്കേടല്ലേ?’; ആർത്തവ അവധിക്കെതിരേ ആർ. ശ്രീലേഖ

#ന്യൂസ് ഡെസ്‌ക്
Photo: facebook.com/Sreelekhaips
Photo: facebook.com/Sreelekhaips

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്.

എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ശ്രീലേഖ ചോദിച്ചു.

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകുകയാണ് വേണ്ടതെന്നും അവർ കുറിച്ചു.

അവധി എടുത്ത് ഇത്തരത്തിൽ മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ കുട്ടിക്ക് ആർത്തവം എപ്പോഴാണെന്ന് വീട്ടുകാരും വിദ്യാലയവും നാട്ടുകാരും ഒക്കെ അറിയില്ലേ എന്നും ഇത് നാണക്കേടല്ലേ എന്നും ശ്രീലേഖ ചോദിക്കുന്നു.

ആർ. ശ്രീലേഖയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി.

എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity? നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.

Content Highlights: R. Sreelekha questions the effectiveness of monthly menstrual leave for students., Argues that menstrual leave might label girls as 'weak' rather than empowering them., Advocates for better school facilities like clean toilets and napkin vending machines instead of leave., Raises concerns regarding privacy and the social stigma of disclosing menstrual cycles to school and society.