കൊച്ചിക്ക് ആദ്യ വനിതാ സിറ്റി പോലീസ് കമ്മിഷണർ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ആർ. നിശാന്തിനി സ്ഥാനമേറ്റു. ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ് നിശാന്തിനി. മുൻപ് കൊച്ചി സിറ്റി ഡി.സി.പി.യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേരാനല്ലൂർ വാഹനാപകടക്കേസിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയതിനെത്തുടർന്നാണ് 2008 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ നിശാന്തിനിയെ സർക്കാർ നിയമിച്ചത്.
മയക്കുമരുന്നിനെതിരേയുള്ള നടപടികൾ ശക്തമാക്കുമെന്നും നഗരത്തിലെ ട്രാഫിക് പ്രശ്നം ജനപങ്കാളിത്തത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും ആർ. നിശാന്തിനി വ്യക്തമാക്കി.
പോലീസിന് നേരേയുണ്ടാവുന്ന ആക്രമണങ്ങൾ ശക്തമായി നേരിടും. നിയമപാലകരെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നതിന് അർഥം ശക്തമായ ക്രമസമാധാന സംവിധാനം ഇല്ലെന്നാണ്. അതനുവദിക്കില്ല. നഗരത്തിലെ അനധികൃത സ്പാകൾക്കെതിരായ നടപടി ശക്തമാക്കും. സ്ത്രീസുരക്ഷയ്ക്കായി ‘സ്പീക്ക് അപ്പ്’ കാംപെയ്ൻ ശക്തമാക്കുമെന്നും കമ്മിഷണർ പറഞ്ഞു.
ചേരാനല്ലൂർ വാഹനാപകടക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പോലീസ് വീഴ്ചയെക്കുറിച്ച് പ്രതികരിച്ചില്ല. സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. എംഡിഎംഎ മോഷ്ടിച്ച കേസിൽ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും നിശാന്തിനി വ്യക്തമാക്കി.
രാവിലെ 11 മണിയോടെ പുതിയ കമ്മിഷണർ ഓഫീസിലെത്തി. സ്ഥാനമൊഴിയുന്ന കമ്മിഷണർ കാളിരാജ് മഹേഷ് കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സ്ഥാനമേറ്റെടുക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിനിയാണ് പുതിയ കമ്മിഷണർ ആർ. നിശാന്തിനി. കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യമാണ് ഭർത്താവ്.
പുറത്തേക്കുള്ള വഴി...
• പുതിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ആർ. നിശാന്തിനിയോട് യാത്രപറഞ്ഞ് മടങ്ങുന്ന മുൻ കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ചേരാനല്ലൂർ വാഹനാപകടക്കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് കാളിരാജ് മഹേഷ് കുമാറിനെ തത്സ്ഥാനത്തുനിന്ന് മാറ്റിയത്
Content Highlights: R. Nishanthini becomes the first woman Kochi City Police Commissioner., Appointed after Kaliraj Mahesh Kumar was transferred over Cheranalloor accident case lapses., Priorities include anti-drug measures, solving traffic issues, and women's safety campaigns., Strict action promised against attacks on police personnel and illegal spas.