പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നൽകാം, പുതിയ പരസ്യവുമായി എം.എസ്. സൊലൂഷൻസ്

പ്രതീകാത്മക ചിത്രം | Photo: Special Arrangement
പ്രതീകാത്മക ചിത്രം | Photo: Special Arrangement

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് പുതിയ വാഗ്ദാനവുമായി അന്വേഷണം നേരിടുന്ന ട്യൂഷന്‍ സെന്ററായ എം.എസ്. സൊലൂഷന്‍സ്. പത്താം ക്ലാസ് സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സാപ്പ് വഴി നല്‍കാമെന്നാണ് വാഗ്ദാനം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടിലാണ് പരസ്യം.  പി.ഡി.എഫ്. ഫയല്‍ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കാമെന്ന് വാഗ്ദാനം. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനത്തില്‍ നിന്നുള്ള പുതിയ പരസ്യം. 

കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ്. സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023-ലെ  ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടി. 

യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എ.ഇ.ഒ. അന്വേഷണം നടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ മലപ്പുറം സ്വദേശി അബ്ദുള്‍ നാസറാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി എം.എസ്. സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കിയത്. ഈ ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഫഹദും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

Content Highlights: MS Solutions offers guaranteed questions and answers for class 10th, on new ad