രക്ഷാപ്രവർത്തനം 4-ാം മണിക്കൂറിൽ; ക്വാറിയിലെ വെള്ളത്തിൽ ലോറി കണ്ടെത്തി, ഉയർത്താനുള്ള ശ്രമം തുടരുന്നു

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനറേയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. മറിഞ്ഞ ലോറി വെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയിരുന്നു. രക്ഷാപ്രവർത്തനം നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സ്‌കൂബാ ഡൈവേഴ്‌സും മറ്റ് മുങ്ങൽ വിദഗ്ധരും ചേർന്ന് വെള്ളത്തിൽ ലോറി കണ്ടെത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ബ്രേക്ക് പോയി നിയന്ത്രണം നഷ്ടമായാണ് ലോറി ക്വാറിയിലേക്ക് വീണതെന്നാണ് റിപ്പോർട്ട്. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്ന ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ലോറി വീണതിനു പിന്നാലെ ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സഹായിയായ മുസ്തഫയാണ് വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
തിരൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: Rescue operations intensify as a submerged minilorry in a 65ft quarry is located. Efforts to lift it and rescue the trapped cleaner continue. Stay updated on this critical situation.