വീട്ടുപറമ്പിൽ 'മലമ്പാമ്പ് പ്രസവിച്ചു'; ഒരു കുഞ്ഞല്ല, അഞ്ചെണ്ണം; അമ്മയെ തേടി നാട്ടുകാർ

കാക്കനാട്: വീട്ടുപടിക്കൽ ഒരു കുഞ്ഞ് അതിഥിയെ കണ്ടപ്പോൾ വീട്ടുകാർ കരുതിയില്ല, തൊട്ടുപിന്നാലെ ഒരു 'ഫാമിലി പാക്കേജ്' തന്നെ കാത്തിരിപ്പുണ്ടെന്ന്! കാക്കനാട് അത്താണി ശ്മശാനത്തിന് സമീപമുള്ള ഒരുവീട്ടുവളപ്പിൽ നിന്നാണ് നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് അഞ്ച് മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്നുമാണ് ആദ്യത്തെ കുഞ്ഞൻ മലമ്പാമ്പ് തലപൊക്കിയത്. അതോടെ തുടങ്ങിയ തിരച്ചിൽ ചെന്നവസാനിച്ചത് വൻ ട്വിസ്റ്റിലാണ്.
പകൽ ഒന്നിനെ കിട്ടിയെങ്കിൽ, രാത്രിയായതോടെ വീടിന്റെ അകത്തുനിന്നും മുറ്റത്തുനിന്നുമായി നാലു കുഞ്ഞുങ്ങളെക്കൂടി ഒന്നിനുപുറകെ ഒന്നായി കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാർ വിയർത്തു. അമ്മ മലമ്പാമ്പ് കുറച്ചുദിവസങ്ങളായി ഈ പരിസരത്ത് കറങ്ങിനടക്കുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് വീട്ടുപറമ്പിൽ താവളമടിച്ച് മുട്ടവിരിഞ്ഞത്.
മുട്ടവിരിഞ്ഞിട്ട് അധികദിവസമാകാത്ത, തികച്ചും അപകടകാരികളല്ലാത്ത കുഞ്ഞുങ്ങളായിരുന്നു ഇവയെല്ലാം. വിവരമറിഞ്ഞ് 'സർപ്പ്' വൊളന്റിയർ മുഹമ്മദ് സാദിഖ് ഉടനടി സ്ഥലത്തെത്തി. കുഞ്ഞുങ്ങളെ സുരക്ഷിതമായി കുപ്പിയിലാക്കി അദ്ദേഹം അവിടെനിന്നും മാറ്റി.
Content Highlights: Five python hatchlings discovered in a residential area in Kakkanad., Hatchlings were found near flower pots and inside the house premises., Local volunteers from SARP safely rescued and relocated the snakes., Community concern remains regarding the whereabouts of the mother python.