ഒറ്റയ്ക്ക് വഴിവെട്ടി വന്ന പി.വി; പാണക്കാട്ടുനിന്ന് കിട്ടിയോ യു.ഡി.എഫിലേക്കുള്ള പച്ചക്കൊടി ?

ഒറ്റയ്ക്ക് വഴിവെട്ടി വന്നവെനെന്ന വിളിപ്പേരുണ്ട് പി.വി. അന്‍വറെന്ന പഴയ കോണ്‍ഗ്രസുകാരന്. അക്കാര്യം ഇടതു മുന്നണിക്കും നന്നായറിയാം. ഇടതിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ച് ഒടുവില്‍ ഔദ്യോഗിക സ്ഥാനര്‍ഥിയെ ബി.ജെ.പിക്കും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങുന്നു അന്‍വറിന്റെ ഒറ്റയ്ക്ക് വഴിവെട്ടിയുള്ള യാത്ര. 14 വര്‍ഷത്തിന് ശേഷം ഇടതുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ അന്‍വര്‍ ഇനി യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്കിനൊരുങ്ങുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. പാണക്കാട്ടെ സന്ദര്‍ശനം അതിന് പച്ചക്കൊടിയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍ പടിവാതില്‍ക്കല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്.
അന്‍വര്‍ ഫയറാണെന്ന് 2011-ല്‍ തിരിച്ചറിഞ്ഞ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എമ്മിന് അന്‍വര്‍ പിന്നീട് പോരാളിയായി. 2011-ല്‍ തോറ്റെങ്കിലും തോല്‍വിയുടെ വീര്യത്തില്‍ സമ്മാനമായി കിട്ടിയ നിലമ്പൂര്‍ സീറ്റ് അട്ടിമറി നടത്തി 2016-ല്‍ അന്‍വര്‍ ഇടത് ചേര്‍ത്തതോടെ ശരിക്കും താരമായി. 2021-ല്‍ വിജമാവര്‍ത്തിക്കുകയും ചെയ്തതോടെ നിലമ്പൂര്‍ അന്‍വറിന്റെ കുത്തകയായി. പ്രതിപക്ഷ നേതാക്കളെ അന്‍വര്‍ നിര്‍ത്തിപ്പൊരിച്ചു. കോണ്‍ഗ്രസ് നേതാവ്- എന്തിന് രാഹുല്‍ഗാന്ധി പോലും അന്‍വറിന്റെ നാക്കിന്റെ വീര്യമറിഞ്ഞു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇടതുമായി തെറ്റുന്നത്. അത് അറസ്റ്റിലേക്കും ഒരു ദിവസത്തെ ജയില്‍വാസത്തിലേക്കും പോയി. തിങ്കളാഴ്ച പാണക്കാട്ടെത്തി ഏറെ സന്തോഷത്തോടെ തിരിച്ചുപോയ അന്‍വറിന്റെ ഇനിയുള്ള നീക്കത്തെ ഉറ്റുനോക്കുന്നുണ്ട് സി.പി.എം നേതൃത്വം. മാത്രമല്ല അറസ്റ്റ് കൈവിട്ടുപോയോ എന്നും ചിന്തിക്കുന്നുണ്ട്.
അന്‍വറിനെ സ്റ്റാറാക്കിയ 2011-ലെ തിരഞ്ഞെടുപ്പ്
കോണ്‍ഗ്രസില്‍നിന്നു പുറത്തുവന്ന അന്‍വര്‍ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ശ്രദ്ധേയനാവുന്നത്. അന്ന് ഏറനാട് മണ്ഡലം ഇടതു മുന്നണി സി.പി.ഐക്ക് നല്‍കിയതായിരുന്നു. പക്ഷെ സി.പി.എമ്മിന് പി.വി അന്‍വറിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആഗ്രഹം. പ്രദേശിക സി.പി.ഐ. നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. പക്ഷെ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് അന്‍വറിനെ താത്പര്യമുണ്ടായിരുന്നില്ല. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു.
മുന്‍ കോണ്‍ഗ്രസ്സുകാരനും ജനസ്വാധീനവുമുള്ള അന്‍വറിനെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം ജില്ലാ നേതൃത്വം. അന്‍വര്‍ തന്നെ ഇടതു സ്ഥാനാര്‍ഥിയാകും എന്ന ധാരണയില്‍ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പുതന്നെ ഇടതു മുന്നണി അന്‍വറിനു വേണ്ടി പ്രചാരണവും തുടങ്ങി. പക്ഷെ, അന്നത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് അന്‍വറിനെ ഒഴിവാക്കി പകരം സി.പി.ഐ. ഔദ്യോഗിക സ്ഥാനാര്‍ഥിയായി യുവനേതാവായ അഷറഫലി കാളിയത്തിനെ രംഗത്തിറക്കി.
എന്നാല്‍, അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സി.പി.എമ്മും പ്രദേശത്തെ സി.പി.ഐക്കാരില്‍ ഒരു വിഭാഗവും തയ്യാറായില്ല. ഇവരുടെ നിശ്ശബ്ദ പിന്തണയോടെ അന്‍വര്‍ പ്രചാരണം തുടര്‍ന്നു. ഔദ്യോഗിക ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണ യോഗങ്ങളില്‍നിന്ന് വിട്ടുനിന്ന പ്രാദേശിക സി.പി.എം നേതാക്കള്‍ പക്ഷെ, അന്‍വറിനുവേണ്ടി പരസ്യമായി രംഗത്തെത്തി. ഇതിന്റെ പേരില്‍ സി.പി.ഐ. അവരുടെ ഒരു നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കുകപോലും ചെയു. എന്നാല്‍ ഇടതു മുന്നണി നേതാക്കളുടെ സമ്മത ത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്ന് അന്‍വറും പരസ്യമായി പ്രഖ്യാപിച്ചതോടെ ഭിന്നത മൂക്കുകയായിരുന്നു.
സി.പി. ഐയുടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അഷറഫലിയുടെ നാമനിര്‍ദേശ പത്രികപോലും അവസാ ന നിമിഷം വരെ വൈകിപ്പിച്ച് ചര്‍ച്ചയിലൂടെ ഏകാഭിപ്രായത്തിലെത്താന്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഫലം വന്നപ്പോള്‍ പി.വി. അന്‍വറിന് 47,452 വോട്ടു ലഭിച്ചു. ഔദ്യോഗി സ്ഥാനാര്‍ഥിയായി മത്സരിച്ച അഷ്‌റഫലി കാളിയത്തിന് ലഭിച്ചത് വെറും 2,700 വോട്ട്. തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി പി.കെ. ബഷീര്‍ കന്നിയങ്കത്തില്‍ വിജയിക്കുകയും ചെയ്തു.
മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നാലെണ്ണവും അന്‍വറിന് മികച്ച സ്വാധീനമുള്ള ഇടങ്ങളായിരുന്നു. ഇടത് വോട്ടുകള്‍ ഭിന്നിച്ചതിനാലാണ് വിജയം ലീഗിനൊപ്പമായത്. ബി.ജെ.പിക്ക് 3,448 വോട്ട് കിട്ടി.ഇടതിന്റെ ഔദ്യോഗിക, വിമത സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് ഒരുമിച്ച് ചേര്‍ത്താല്‍ 50,152 വോട്ടാകുമായിരുന്നു. 58,698 വോട്ടാണ് വിജയിച്ച പി.കെ ബഷീറിന് ലഭിച്ചത്. ഭിന്നത നീക്കി ഒരുമിച്ചായിരുന്നുവെങ്കില്‍ നല്ല പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് പിന്നീട് ഇടതുമുന്നണി തന്നെ വിലയിരുത്തുകയും ചെയ്തു. അന്‍വറിനെ പിന്തുണച്ചതിന്റെ പേരില്‍ സി.പി.എം. രാഷ്ട്രീയ വ്യഭിചാരം നടത്തിയെന്ന് പോലും അന്ന് സി.പി.ഐ. സംസ്ഥാന നേതൃത്വം ആരോപിച്ചു.
നിലമ്പൂര്‍ വീണ്ടും വലതുചേര്‍ത്ത് കെട്ടുമോ?
മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് കുത്തക തകര്‍ത്തായിരുന്നു അട്ടിമറി വിജയം നടത്തി 2016-ല്‍ അന്‍വര്‍ നിലമ്പൂരില്‍ വിജയിച്ചു കയറിയത്. 2011-ല്‍ അന്‍വറിന്റെ സ്വതന്ത്ര ശക്തി ശരിക്കും തിരിച്ചറിഞ്ഞ സി.പി.എമ്മും ഇടതുപക്ഷവും 2016-ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ നിലമ്പൂരില്‍ പരീക്ഷിക്കുകയായിരുന്നു. ഫലം പുറത്തുവന്നപ്പോല്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് അന്‍വറിന് വിജയത്തിളക്കം. ആര്യാടന്‍ ഷൗക്കത്തിന് 66,354 വോട്ട് മാത്രമാണ് ലഭിച്ചത്. 2021-ല്‍ ആര്യാടന്‍ ഷൗക്കത്തിന് പകരം അഡ്വ.വി.വി പ്രകാശിനെ യു.ഡി.എഫ് മത്സരിപ്പിച്ചെങ്കിലും 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിന് അന്‍വര്‍ മണ്ഡലം നിലനിര്‍ത്തി. കാല്‍നൂറ്റാണ്ടിലധികം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം പിടിച്ചെടുക്കുക അഭിമാനപോരാട്ടമായി കണക്കാക്കുമ്പോഴാണ് അന്‍വര്‍ ഇടതുമായി തെറ്റുന്നത്.
ജയില്‍വാസത്തിന് ശേഷം പാണക്കാട്ടെത്തി ആശീര്‍വാദം വാങ്ങി മടങ്ങിയതോടെ അന്‍വറിന്റെ പുതിയ കളി എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കോണ്‍ഗ്രസ് മറക്കുമോ 'ഡി.എന്‍.എ' പരാമര്‍ശം
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരേ അന്‍വര്‍ ഏറെ വിവാദമായ ഡി.എന്‍.എ. പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്നും നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ലെന്നുമായിരുന്നു എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ കണക്കാക്കണമെന്ന് കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ ദി ലീഡര്‍ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞതും വിവാദമായി. അധിക്ഷേപ പരാമര്‍ശം നടത്തിയ അന്‍വറിന്റെ പേരില്‍ അന്ന് കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റായിരുന്ന എം.എം. ഹസന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോയെന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങള്‍ കടക്കുകയാണെന്നും ഗാന്ധിയെന്ന പേരുപോലും കൂട്ടിച്ചേര്‍ത്തു പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ ഗാന്ധി മാറിയെന്നുമാണ് അന്‍വര്‍ പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം മറന്നുകൊണ്ട് കോണ്‍ഗ്രസ് അന്‍വറിനെ പിന്തുണച്ച് രാഷ്ട്രീയ തീരുമാനമെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസുമായുള്ള മഞ്ഞുരുകലിന് പാണക്കാട്ടെ സന്ദര്‍ശനം വഴിവെക്കുക കൂടി ചെയ്താല്‍ വര്‍ധിത വീര്യത്തോടെയുള്ള അന്‍വറിനെയാവും ഇടതുപക്ഷത്തിന് ഇനി നേരിടേണ്ടി വരിക.
Content Highlights: pv anwar visits panakkd after get bail