യുഡിഎഫ് പറഞ്ഞാൽ ഏതുമണ്ഡലത്തിലും മത്സരിക്കും -പി.വി. അൻവർ

photo| PTI
photo| PTI

മലപ്പുറം: യുഡിഎഫ് ആവശ്യപ്പെട്ടാൽ ഏതുമണ്ഡലത്തിലായാലും മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. മത്സരിക്കേണ്ടാ എന്നാണ് പറയുന്നതെങ്കിൽ മത്സരിക്കില്ല. നിയമസഭാതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുക എന്നതിനേക്കാൾ പിണറായിസത്തെയും മരുമോനിസത്തെയും തകർക്കുകയാണു ലക്ഷ്യമെന്നും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ചേർക്കുന്ന തീരുമാനം അറിഞ്ഞ് ഒതായിയിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പി.വി. അൻവർ പറഞ്ഞു. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്നും നേതാക്കൾക്ക് നന്ദിപറയുന്നതായും അൻവർ അറിയിച്ചു.

അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റ് നേടും. ആര്യാടൻ ഷൗക്കത്ത് ഉൾപ്പടെയുള്ളവരുമായുണ്ടായിരുന്ന വിഷയങ്ങളെല്ലാം അവസാനിച്ചു. ആരോടും അതൃപ്തിയില്ല. പിണറായിസവും മരുമോനിസവും അവസാനിപ്പിക്കാൻ യുഡിഎഫിന് നിരുപാധിക പിന്തുണ നൽകും.

തൊഴിലാളിസമരങ്ങളോട് മുഖംതിരിച്ചുനിന്ന സർക്കാരാണ് കേരളത്തിലേത്. വർഗീയപ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെക്കൊണ്ടുനടക്കുകയാണ് പിണറായി. ബിഡിജെഎസിനെ ഘടകക്ഷിയാക്കാനാണ് ശ്രമം. ബിജെപിയുമായി മുഖ്യമന്ത്രിയുണ്ടാക്കിയ ബന്ധം പിഎംശ്രീ പോലെയുള്ള വിഷയങ്ങളിലൂടെ പുറത്തുവന്നു.

വിശ്വാസികളല്ലാത്തവരെ ആരാധനാലയങ്ങളുടെ ചുമതല ഏൽപ്പിച്ചതിന്റെ ഫലമാണ് ശബരിമലയിൽ കണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരും തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായി വോട്ട്‌ ചെയ്തെന്നും അൻവർ പറഞ്ഞു.

Content Highlights: PV Anwar confirms TMC`s readiness to contest in any constituency if UDF demands. Focus is on defeating Pinarayi Vijayan & his son-in-law`s politics. TMC joins UDF as associate member.