പി.വി. അൻവറിൻ്റെ സമ്മേളനവേദിയിലെ ഫ്ലെക്സിൽ അർജുനും മനാഫും

പി.വി. അൻവർ എം.എൽ.എ.യുടെ നയവിശദീകരണ സമ്മേളനവേദിക്കു സമീപം ഇടംപിടിച്ച ഫ്ലെക്സ് ബോർഡുകൾ
പി.വി. അൻവർ എം.എൽ.എ.യുടെ നയവിശദീകരണ സമ്മേളനവേദിക്കു സമീപം ഇടംപിടിച്ച ഫ്ലെക്സ് ബോർഡുകൾ

മഞ്ചേരി: പി.വി. അൻവർ എം.എൽ.എ യുടെ നയവിശദീകരണ സമ്മേളന വേദിക്ക് സമീപം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താക്കളുടെ ഫോട്ടോയ്ക്കു സമീപം ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻ്റെയും മൃതദേഹം കണ്ടെത്തുന്നതുവരെ ഗംഗാവലിക്കരയിൽ തുടർന്ന മനാഫിൻ്റെയും ചിത്രം പതിച്ച ഫ്ലെക്സുകളും ഇടംപിടിച്ചു.

മതങ്ങൾക്കതീതമായ സൗഹൃദത്തിൻ്റെ സന്ദേശം നൽകാനാണ് രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളിലെ പതിവു തെറ്റിച്ച് പുതിയ ഐക്കണുകൾ സംഘാടകർ പരീക്ഷിച്ചത്. ഒപ്പം കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെയും രാഷ്ട്രീയകക്ഷിഭേദമെന്യേ അന്തരിച്ച സമുന്നതരായ നേതാക്കളുടെയും ഫോട്ടോകൾ ഇടംപിടിച്ചത് വേറിട്ട കാഴ്ചയായി.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളായ നേതാജിയുടെയും ഭഗത്‌സിങ്ങിൻ്റെയും ചിത്രങ്ങളും കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി., മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ എന്നിവരുടെയും ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, കെ. മാധവൻ നായർ ഉൾപ്പെടെയുള്ള ഉന്നതവ്യക്തിത്വങ്ങളുടെയും ചിത്രങ്ങൾ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു. 

Content Highlights: pv anwar mla conference manaf arjun photo flex board