തൃണമൂല്‍ കേരളഘടകം രൂപവത്കരിച്ച് യുഎഡിഎഫ് ഘടകക്ഷിയാകാനുള്ള ലക്ഷ്യവുമായി അന്‍വര്‍

പി.വി.അന്‍വര്‍ | ഫോട്ടോ: കെ.ബി.​ഗിരീഷ് കുമാർ \ മാതൃഭൂമി
പി.വി.അന്‍വര്‍ | ഫോട്ടോ: കെ.ബി.​ഗിരീഷ് കുമാർ \ മാതൃഭൂമി

മലപ്പുറം : നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിന്റെ ഡി.എം.കെ. കേരളത്തിലെ തൃണമൂൽ പാർട്ടിയായി പ്രവർത്തിക്കും. എല്ലാ ജില്ലകളിലും തൃണമൂലിന്റെ കമ്മിറ്റികൾ തുടങ്ങുമെന്നും അൻവറിനൊപ്പം പ്രവർത്തിക്കുന്ന നേതാക്കൾ പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് യു.ഡി.എഫ്. നേതാക്കളുമായി ചർച്ചകൾ നടത്തിയശേഷമാണ് അൻവർ കൊൽക്കത്തയിലേക്കുപോയത്. മുൻപ് ന്യൂഡൽഹിയിൽ അൻവർ തൃണമൂൽ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പാർട്ടിയിൽച്ചേരുന്ന കാര്യത്തിൽ അന്ന് തീരുമാനമായിരുന്നില്ല.

‘ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക കുടുംബത്തിൽ അംഗമായ പി.വി. അൻവർ എം.എൽ.എ.യ്ക്ക് ഊഷ്മളമായ സ്വാഗതം’ എന്നാണ് പാർട്ടിയുടെ ഔദ്യോഗിക എക്സ് പോസ്റ്റിലുള്ളത്. മമതാ ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചു.

കേരള നിയമസഭയിൽ സ്വതന്ത്ര എം.എൽ.എ. ആയ അൻവർ ദേശീയപാർട്ടിയായ തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് കൂറുമാറ്റം ഉൾപ്പെടെയുള്ള നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ കൂടുതൽ ജാഗ്രതയോടെയായിരിക്കും ഔദ്യോഗിക അംഗത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നാണ് അറിയുന്നത്. ദേശീയതലത്തിൽ ഇന്ത്യമുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സി.പി.എമ്മിനും കോൺഗ്രസിനും എതിരേയാണ് നിൽക്കുന്നത്. കേരളത്തിൽ യു.ഡി.എഫുമായി ചേർന്നു പ്രവർത്തിക്കുമെന്നും പിണറായിസം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നുമാണ് പി.വി. അൻവർ ഏതാനുംദിവസം മുൻപ് പറഞ്ഞിരുന്നത്.ശനിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന ടി.എം.സി. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്ന് പി.വി. അൻവർ അറിയിച്ചു.

തൃണമൂലിന്റെ പോരാട്ടവഴിയിൽ അൻവർ

മലപ്പുറം : തൃണമൂൽ കോൺഗ്രസിന്റെ കേരളഘടകം രൂപവത്കരിച്ച് അതുവഴി യു.ഡി.എഫിന്റെ ഘടകകക്ഷിയായി രാഷ്ട്രീയഭാവി ഉറപ്പിക്കുക എന്ന ലക്ഷ്യത്തിൽ തന്നെയാണ് പി.വി. അൻവർ എം.എൽ.എ.യുടെ നീക്കം. തൃണമൂലിൽ ചേരുന്നത് ഫാസിസത്തിനും മാർക്സിസത്തിനും എതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് ഡി.എം.കെ.യുടെ സ്റ്റേറ്റ് കോഡിനേറ്ററും പി.വി. അൻവർ എം.എൽ.എ.യുടെ അടുത്ത അനുയായിയുമായ ഇ.എ. സുകു പറഞ്ഞു. തമിഴ്നാട് ഡി.എം.കെ.യ്ക്കൊപ്പമായിരുന്നെങ്കിൽ ഫാസിസത്തിനെതിരേയുള്ള പോരാട്ടം മാത്രമേ ആകുമായിരുന്നുള്ളൂ.

തൃണമൂലിനൊപ്പം ചേരാൻ ഡിസംബറിൽത്തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, അതിനെക്കാൾ പ്രധാനമായിരുന്നു കേരളത്തിൽ യു.ഡി.എഫിനൊപ്പം ചേരാനുള്ള നീക്കങ്ങൾ. വനനിയമ ഭേദഗതിക്കെതിരായ പി.വി. അൻവർ എം.എൽ.എ.യുടെ പര്യടനവും അതിനിടെയുണ്ടായ അറസ്റ്റും ജയിൽവാസവും കാര്യങ്ങൾ എളുപ്പമാക്കി. അൻവർ യു.ഡി.എഫിനൊപ്പം ചേരുന്നതിൽ കാര്യമായ പിന്തുണയുള്ളത് ലീഗിന്റെ ഭാഗത്തുനിന്നാണ്. കോൺഗ്രസ്സിൽ ഒരു വിഭാഗത്തിനും യി.ഡി.എഫിലെ ചില ചെറുകക്ഷികൾക്കും താത്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം എതിർപ്പുകൾ മുക്കാൽപങ്കും അവസാനിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ ചില നേതാക്കൾക്കും അൻവറിനോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. നേതാക്കളുമായുള്ള ചർച്ചകളിലൂടെ എതിർപ്പുകൾ കാര്യമായി കുറഞ്ഞിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുൻപായി തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന സമിതിയും ജില്ലാസമിതികളും രൂപവത്കരിക്കാനാണ് തീരുമാനം. ഡി.എം.കെ. രൂപവത്കരിച്ച് വൈകാതെ നാലു ജില്ലകളിൽ ജില്ലാ കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു. ഡി.എം.കെ.യെ അതുപടി തൃണമൂൽ ആക്കി മാറ്റുക ബുദ്ധിമുട്ടുള്ള കാര്യമല്ല. ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂലിന് കേരളത്തിൽ യു.ഡി.എഫിന്റെ ഭാഗമാകാൻ മറ്റു പ്രശ്നങ്ങളില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി നിലമ്പൂരിൽത്തന്നെ മത്സരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പി.വി. അൻവറിനൊപ്പമുള്ളവർ. എൽ.ഡി.എഫിൽ നിന്ന് ജയിച്ചതിനെക്കാൾ എളുപ്പത്തിൽ വിജയം നേടാനാവുമെന്നും അൻവർക്യാമ്പ് കണക്കുകൂട്ടുന്നു. ലീഗിന്റെ പിന്തുണ അൻവറിനുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലീഗിന്റെ സീറ്റുകളിലൊന്ന് വിട്ടുനൽകാൻ സാധ്യത കുറവാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മേഖലയിൽ കരുത്തുകാട്ടുന്നതിനാണ് ഇപ്പോൾ അൻവർ ക്യാമ്പിന്റെ മുഖ്യ പരിഗണന.

Content Highlights: Kerala MLA PV Anvar joins Trinamool Congress, plans to form Kerala unit