പി.വി. അൻവർ പോരാളിയല്ല, കോമാളിയാണെന്ന് സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്

- പാർട്ടിയുടെ സ്വതന്ത്ര എം.എൽ.എ. പി.വി. അൻവർ തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയത്
പി.വി. അൻവർ ഇടതുപക്ഷക്കാരനാണെന്ന് പറയാൻ പറ്റില്ല. പാർട്ടിക്കും സർക്കാരിനും എതിരായി പ്രവർത്തിക്കുന്ന എല്ലാവരുടെയും കോടാലിക്കൈയായി അദ്ദേഹം മാറി. അദ്ദേഹത്തിന് നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജൻഡകളുമുണ്ട്. അത് നടപ്പാക്കാൻ വേണ്ടിയുള്ള സമ്മർദ്ദമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
- അൻവർ പോലീസിനെതിരേയാണ് ആരോപണങ്ങൾ തുടങ്ങിയത്. പാർട്ടിക്കും സമാന പരാതി ഉണ്ടായിരുന്നില്ലേ?
അദ്ദേഹത്തിന്റെ പരാതി ജില്ലയിലെ പാർട്ടി നേതൃത്വം കേട്ടിട്ടുണ്ട്. അക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ആരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിലും അത് ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
- ഘട്ടംഘട്ടമായാണ് അൻവർ പരാതികൾ ഉന്നയിച്ചത്. പാർട്ടി അത് ഗൗരവത്തിൽ എടുത്തില്ലെന്ന പ്രശ്മമില്ലേ?
വായിൽ തോന്നിയത് പറയുന്നതിനെല്ലാം പ്രതികരിക്കാൻ കഴിയില്ലല്ലോ. അദ്ദേഹത്തിന്റെ സമനില തെറ്റി എന്തൊക്കെയോ പറയുകയാണ്. മദയാനയെപ്പെലെയാണ് അദ്ദേഹമിപ്പോൾ പ്രവർത്തിക്കുന്നത്. പാർട്ടി തകർക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ആഗ്രഹം നടപ്പാകാൻ പോകുന്നില്ല. ഇതിനേക്കാൾ വലിയ ആളുകൾ പാർട്ടിയെ വെല്ലുവിളിച്ചിട്ടുണ്ട്.
അവർക്ക് കഴിയാത്തത് അൻവറിന് കഴിയില്ല. സ്വതന്ത്രനായതുകൊണ്ട് പാർട്ടി അത്യാവശ്യം സ്വാതന്ത്ര്യം അദ്ദേഹത്തിന് കൊടുത്തതാണ്. അവസാനം മുറത്തിൽക്കയറി കൊത്തിയാൽ മിണ്ടാരിക്കാൻ പറ്റില്ലല്ലോ.
ആരാണ് അൻവർ എന്ന് ഞങ്ങൾ പറയാൻ തുടങ്ങിയാൽ അദ്ദേഹം വായ അടയ്ക്കും. കൊലക്കുറ്റമടക്കം എത്ര ക്രിമിനൽ കേസുകളുണ്ട് അദ്ദേഹത്തിന്റെ പേരിൽ.
- ഇതൊക്കെ നിലനിൽക്കെത്തന്നെ പാർട്ടി അദ്ദേഹത്തെ നിലമ്പൂരിൽ രണ്ടുതവണയും ഒരിക്കൽ പൊന്നാനിയിലും സ്ഥാനാർഥിയാക്കില്ലേ. സി.പി.എമ്മിന്റെ സ്വതന്ത്ര പരീക്ഷണം തെറ്റായിപ്പോയോ?
അതില്ല. സി.പി.എം. ഇനിയും സ്വതന്ത്രന്മാരെ പരീക്ഷിക്കും. സ്വതന്ത്രന്മാരുടെ മഹത്വംകൊണ്ട് മാത്രമല്ല അവർ അവിടെ ജയിച്ചത്. അൻവറിന് കിട്ടിയ ബഹുഭൂരിപക്ഷം വോട്ടുകളും സഖാവ് കുഞ്ഞാലി കെട്ടിപ്പടുത്ത പാർട്ടിയുടെതാണ്. എതിരാളികളെ തോല്പിക്കാൻ പറ്റിയ സ്വതന്ത്രരുണ്ടെങ്കിൽ സി.പി.എം. ഇനിയും മത്സരിപ്പിക്കും. ആ പരീക്ഷണം പരാജയമായി സി.പി.എം. വിലയിരുത്തുന്നില്ല.
- അൻവറിന്റെ പോക്ക് എങ്ങോട്ടാണെന്ന് പാർട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേ?
അദ്ദേഹത്തിന്റെ തെറ്റായ നീക്കങ്ങളെ അപ്പപ്പോൾ പാർട്ടി മനസ്സിലാക്കി സംസാരിച്ചിട്ടുണ്ട്. തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇനി പത്രസമ്മേളനം വിളിക്കില്ലെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു. ആ ഉറപ്പൊന്നും പാലിച്ചില്ല.
ഇത്രയും വിശ്വസിക്കാൻ കൊള്ളാത്ത ആളായി അൻവർ. സാമൂഹികവിരുദ്ധരുടെയും മാഫിയകളുടെയും പ്രതിനിധിയാണദ്ദേഹം. ഇനി ആയിരക്കണക്കിന് നാവുകൾ അൻവറിനെതിരേ ഉയരും. കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അൻവർ മാറും.
Content Highlights: PV Anwar is a joker, not a fighter, says CPM Malappuram district secretary EN Mohandas