വെടിനിര്‍ത്തിയോ സഖാവ്...! ദൈവത്തെ ചാരി അൻവർ പിൻവാങ്ങുമ്പോൾ പ്രതിധ്വനി ഇനിയെത്ര നാൾ

#സ്വന്തം ലേഖകന്‍
പി.വി അന്‍വര്‍, പി.ശശി| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
പി.വി അന്‍വര്‍, പി.ശശി| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

പഴയ പി.സി. ജോർജ്‌. ആ ലൈനിലും റോളിലുമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറക്കുറേ പി.വി. അന്‍വര്‍. റേറ്റിങ്ങില്‍ നമ്പര്‍ വണ്‍. പൊട്ടിക്കുന്ന വെടികളും തൊടുക്കുന്ന അമ്പുകളും വ്യക്തവും കൃത്യവും. ഉന്നം പിഴക്കുന്നില്ല. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നു. പഴി ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും ആഭ്യന്തര വകുപ്പാണ് പെട്ടത്‌. സ്വന്തം ക്യാപ്റ്റന്റെ കരുത്തും കഴിവും നാട്ടുകാര്‍ക്ക് മുന്നില്‍ അനാച്ഛാദനം ചെയ്യപ്പെട്ട വെളിപ്പെടുത്തലുകള്‍.

സോളാര്‍ കേസ് അട്ടിമറിക്കല്‍, പൂരം കുളമാക്കല്‍, ചങ്ങാത്ത മുതലാളിത്തത്തെക്കാള്‍ വലിയ ചങ്ങാത്തം. ഇതൊക്കെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പഴി. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി. രണ്ടാം പിണറായി സര്‍ക്കാരില്‍ അതേ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണലില്‍ ക്രമസമാധാന ചുതലയിലുള്ള എ.ഡി.ജി.പി. സ്വര്‍ണ്ണക്കടത്ത് മാത്രമല്ല ഒപ്പം ഒരു എസ്.പിയും ചേര്‍ന്ന് സ്വര്‍ണം പൊട്ടിച്ചെടുക്കുന്നു, ആളുകളെ കൊല്ലുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും  ഫോണ്‍ ചോര്‍ത്തുന്നു. ചുരുക്കത്തില്‍ ഒരു അധോലോകമാഫിയയാണോ എന്ന് തോന്നുന്ന തരത്തിലാണ് അന്‍വറിന്റെ മിശ്രണം. എല്ലാത്തിനും തെളിവായി ഫോണ്‍ സംഭാഷണങ്ങളും. ആരും ഒന്നും നിഷേധിക്കുന്നില്ല.

മുഖ്യമന്ത്രി ശുദ്ധനാണ്, പിതാവിനെ പോലെ എന്നൊക്കെ അന്‍വര്‍ ആണയിടുമ്പോഴും ഇതെല്ലാം അതേ മുഖ്യമന്ത്രിയുടെ ബലഹീനതയ്ക്ക് നേരെയാണ് ചോദ്യം ഉയര്‍ത്തുന്നത്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞോ എന്ന് ആരും ചോദിക്കരുത്. സി.പി.എം. സമ്മേളനത്തിലേക്ക് കടക്കുന്ന ദിവസമാണ് അന്‍വര്‍ വെടിപൊട്ടിക്കാന്‍ തിരഞ്ഞെടുത്തത്‌. പി.ശശിയാണ് ലക്ഷ്യമെന്ന് ഉറപ്പ്. എന്തിന് വേണ്ടി? ആര്‍ക്ക് വേണ്ടി? ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്. ശശിയാണ് കുഴപ്പക്കാരന്‍. ആ കുഴപ്പക്കാരനെ നീക്കണം ഇത് മാത്രമാണ് അന്‍വറിലൂടെ കുറിക്കപ്പെട്ട ടാര്‍ജറ്റ്. കുഴപ്പക്കാരന്റെ കസേര തെറിപ്പിക്കുക.

ജയരാജന്‍ സ്വയം കുഴിയില്‍ ചാടിയതുകൊണ്ട് കാരണം വേണ്ടിവന്നില്ല ഒഴിപ്പിക്കാന്‍. പി.കെ. ശശിയും കൈയിലിരിപ്പുകൊണ്ട്‌ നടപടി നേരിട്ടു. പി.കെ. ശശിയല്ല പി. ശശി. നിശബ്ദനാണ്. മാധ്യമങ്ങളെ കാണാറില്ല. നാക്കുപിഴയില്ല. നിശബ്ദ പ്രവര്‍ത്തനമാണ് 'കൂടുതല്‍' അപകടം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കോ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കോ ശശിക്ക് ഒരു പ്രമോഷന്‍ സാധ്യത തെളിഞ്ഞിരുന്നു. അതുകൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നിറയൊഴിക്കലാണ്. കഴിഞ്ഞ ടേമില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ ഇന്ന് സെക്രട്ടേറിയറ്റ് അംഗമാണ്. അതിനൊരു തുടര്‍ച്ചയ്ക്ക് എല്ലാ സാധ്യതയുമുണ്ടായിരുന്നു.

കണ്ണൂര്‍ കളരിയില്‍ ശശി വിരുദ്ധചേരിയിലാണ് പി.ജെയും ഇ.പിയും എന്നത് പരസ്യമായ രഹസ്യമാണ്. ശശി വീണിടത്താണ് ജയരാജന്‍ വാണത്. നീണ്ട 10 വര്‍ഷമെടുത്തു ശശിക്ക് ആ വീഴ്ചയില്‍നിന്ന് തിരിച്ചുവരാന്‍. പി. ജയരാജന്‍ വടകരയില്‍ മത്സരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനമാണ് പോയത്. ആ വിടവില്‍ എം.വി. ജയരാജനെ കണ്ണൂര്‍ പാര്‍ട്ടിയുടെ അമരത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ജില്ലാ കമ്മിറ്റിയില്‍നിന്ന് നേരെ ശശി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണത്തിലേക്ക് വന്നത്. പോലീസിനെ നന്നാക്കാനുള്ള ദൗത്യവുമായി വരവ്. അങ്ങനെ പോലീസിന്റെ സര്‍വസൈന്യാധിപനായി. ശശി അറിയാതെ പോലീസില്‍ ഒന്നും നടക്കില്ലാത്ത സ്ഥിതി. പലതവണ അഴിച്ചുപണിതിട്ടും പിന്നെയും പിന്നെയും പോലീസ് പഴികേള്‍പ്പിച്ചു. ഇടയ്ക്ക് പാര്‍ട്ടിക്കാരുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കൊഴുപ്പിച്ചു. എങ്കിലും ശശിയില്‍ മുഖ്യമന്ത്രിയുടെ വിശ്വാസവും കൂറും വര്‍ധിച്ചു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ പഴയ കണക്കുകള്‍ അപ്പോഴും ബാക്കി. ഇ.പി. ജയരാജന്‍ ഇനി ഒരു അങ്കത്തിനുണ്ടാവില്ല. എല്ലാം ഇനി ആത്മകഥയില്‍ വായിക്കുകയേ തരമുള്ളൂ. വായന ശീലമാക്കുക തന്നെ. പി. ജയരാജന്‍ അങ്ങനെയല്ല. അണികളുടെ വികാരമാണ്. പക്ഷേ നേതൃത്വത്തിന് അത്രത്തോളം പഥ്യമല്ല. പിണറായിക്കും.

വെളിപ്പെടുത്തല്‍ രാഷ്ട്രീയത്തിന് അന്‍വര്‍ തത്കാലം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വഴങ്ങിയോ അതോ മുഖ്യമന്ത്രി കൈവിട്ടോ. ഒരു നിശ്ചയവുമില്ല. സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രിയെ കാണാന്‍ പോയ അന്‍വറല്ല തിരിച്ചുവന്നത്‌. അന്‍വറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടോ. ആകെ ഒന്നുമയപ്പെട്ടു. ആയുധപ്പുര ഒഴിഞ്ഞപ്പോലെ. ആരോപണമുനയിലുള്ള എം.ആര്‍. അജിത്കുമാര്‍ തത്കാലം കസേര രക്ഷിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ഇനി എന്താകുമോ എന്തോ. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഷാജ് കിരണിനെ ഓടിച്ചിട്ട് പിടിച്ച് ആത്മാര്‍ഥത തെളിയിച്ച ശേഷം വിജിലന്‍സില്‍ നിന്ന് പോയപ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്താന്‍ അണികള്‍ മത്സരിച്ചു. അതേ അജിത്കുമാര്‍ കുറച്ചുകാലത്തിന് ശേഷം തിരിച്ചുവന്നത് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിട്ടാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി.

അന്‍വറിന്റെ ധൈര്യം അണിയറയിലാണ്. അത് തിരിച്ചറിയാന്‍ ശശിക്ക് ഇതുവരെയുള്ള പാര്‍ട്ടി ക്ലാസുകള്‍ ധാരാളമാണ്. അന്‍വര്‍-ശശി രണ്ടില്‍ ആര്‍ക്കൊപ്പം നില്‍ക്കും മുഖ്യമന്ത്രി? എല്ലാം ദൈവത്തിന് വിട്ട് ഉത്തരവാദിത്വം കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് തത്കാലം പോരാട്ടം നിര്‍ത്തിയ അന്‍വറിന്റെ ശാന്തത എത്രനാളത്തേക്ക്? അപ്പോഴും അന്‍വര്‍ പറഞ്ഞത് അതുപോലെ നില്‍ക്കുന്നു. ആരും നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രി പോലും. ഭരണത്തിന്റെ മറവില്‍ ഇതൊക്കെ നടന്നോ എന്ന് ജനം ചോദിച്ചാല്‍ ആര് മറുപടി പറയും. കുറഞ്ഞപക്ഷം അണികള്‍ക്കെങ്കിലും ഒരു വിശദീകരണം.

രാഷ്ട്രീയം നിര്‍ത്തി അടുത്ത പോരാട്ടം പ്രഖ്യാപിച്ച ജലീലിന് ഇനി എന്താണ് പറയാനുള്ളത്? കാരാട്ട് റസാഖ് വരെ കിട്ടിയ അവസരം പ്രതിഛായ നിര്‍മിതിക്ക് ശ്രമിക്കുന്നു. സമ്മേളനകാലത്ത് പാര്‍ട്ടിക്കാരെക്കാള്‍ അനുഭാവികളായ പുതിയ നേതാക്കളാണ് മുന്നേറ്റനിരയില്‍. സി.പി.എമ്മില്‍ പിണറായിക്ക് ശേഷമുള്ള രാഷ്ട്രീയം ലക്ഷ്യമാക്കിയാണ് പലകളികളും അരങ്ങേറുന്നത്. പുതിയ ചേരികള്‍ രൂപംകൊള്ളുന്നു. അതുകൂടി കണ്ടുള്ള ബോംബുകളാണ് ഇപ്പോള്‍ പൊട്ടുന്നത്. സമ്മേളനത്തിന് തിരശീല വീഴുമ്പോള്‍ എല്ലാത്തിനുമുള്ള ഉത്തരമുണ്ടാകും. സഖാവായി മാറിയ അന്‍വര്‍ അണികള്‍ക്ക് ഹീറോ ആകുമ്പോള്‍ തോല്‍ക്കുന്നത് ആഭ്യന്തര വകുപ്പ് മാത്രമല്ല.

Content Highlights: p v anwar, p sasi, pinarayi vijayan, m r ajithkumar