CPI-ക്കും ലീഗിനും കിട്ടുമോ 3920 വോട്ട്? മലപ്പുറത്തായിരുന്നെങ്കിൽ ചിത്രം വേറെയാവുമായിരുന്നു- അന്‍വർ

മലപ്പുറം: ഡി.എം.കെ. ഉയര്‍ത്തിയ ആശയങ്ങള്‍ ശരിവയ്ക്കുന്നതാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. 140 മണ്ഡലങ്ങളില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിന്നാല്‍ 3920 വോട്ടുകള്‍ പിടിക്കാന്‍ ശേഷിയുള്ള എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്? കൃത്യമായ രാഷ്ട്രീയ ആശത്തിന് മാത്രം കിട്ടിയ വോട്ടുകളാണ് ചേലക്കരയിലേതെന്നും അന്‍വര്‍ പറഞ്ഞു.
നൂറ് വോട്ടുകള്‍ ഒരു മണ്ഡലത്തില്‍ കിട്ടാത്ത ഘടകകക്ഷികള്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലുമുണ്ട്. സി.പി.ഐ. 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ആയിരത്തിലധികം വോട്ടുകിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ടാവും? കേരള കോണ്‍ഗ്രസ് മാണി വിഭാഗം 140 മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ എത്ര സീറ്റുകളില്‍ 3,900 വോട്ടുകള്‍ കിട്ടും? കേരളത്തിലെ നാലാമത്തെ വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്‌ലിംലീഗിനുവരെ പത്തുനാല്‍പ്പത് മണ്ഡലങ്ങള്‍ക്കപ്പുറം ഈ വോട്ട് നേടാനാവില്ലെന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 13 ദിവസം മാത്രമായിരുന്നു ഡി.എം.കെ.യുടെ പ്രായം. മണ്ഡലം, പഞ്ചായത്ത്, ബൂത്ത് അടിസ്ഥാനത്തിലൊന്നും കമ്മിറ്റികളില്ലാത്ത ഒരു സാമൂഹിക സംഘടനയെ കേരള ജനത എങ്ങനെ ഏറ്റെടുക്കുന്നു എന്ന് അറിയാന്‍ തന്നെയാണ് ഈ പോരാട്ടം. ആ പോരാട്ടത്തിന് വലിയ പിന്തുണ കിട്ടി. പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയം ഇനിയും അതിശക്തമായി പറഞ്ഞുകൊണ്ടിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
ഒരു സ്വാധീനവുമില്ലാത്ത പ്രദേശമാണ് ചേലക്കര. മലപ്പുറത്തോ കോഴിക്കോടോ കണ്ണൂരോ ഒക്കെ ആയിരുന്നു ഈ തിരഞ്ഞെടുപ്പെങ്കില്‍ ചിത്രം വേറെയാവുമായിരുന്നു. കൃത്യമായ രാഷ്ട്രീയ ആശയത്തിന് മാത്രം കിട്ടിയ വോട്ടുകളാണ് ചേലക്കരയിലേത്. പിണറായി വിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്കും ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ലഭിച്ചു. ഡി.എം.കെ.യ്ക്ക് ലഭിച്ച 80 ശതമാനം വോട്ടും ഇടതുപക്ഷ കേന്ദ്രങ്ങളില്‍നിന്നാണ്. പിണറായിയെ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാന്യമായി മാറ്റി ഒഴിവുള്ള പാര്‍ട്ടി ദേശീയ സെക്രട്ടറി പോസ്റ്റ് പോലുള്ളവയിലേക്ക് മാറ്റുകയെന്നതാണ് സി.പി.എമ്മിനെ രക്ഷിക്കാനുള്ള വഴി. അല്ലെങ്കില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം. മറ്റൊരു പശ്ചിമബംഗാളാകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: pv anvar about chelakkara by election performances