വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് നിഗമനം; ദേഹത്ത് പൊള്ളലേറ്റ പാടുകൾ

#ന്യൂസ് ഡെസ്ക്

പുതുപ്പാടി: പാടത്ത് പണിക്കായി പോയ വയോധികനെ വയലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദൻ (75) ആണ് മരിച്ചത്. സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ഷർട്ട് ധരിക്കാതെ വയലിൽ പണി എടുത്തുകൊണ്ടിരുന്ന ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയിൽ തൊലി ഉരിഞ്ഞിരുന്നു. താമരശ്ശേരി പോലീസ് ഇൻക്വിസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സൂര്യാതപമെന്നാണ് പ്രാഥമിക നിഗമനമെന്നും വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള റംല എന്ന പ്രദേശവാസിയുടെ വയലിൽ ചന്ദൻ പണിയെടുക്കാനായി പോയത്. വൈകീട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ മകൻ വിഷ്ണുദാസ് ബൈക്കിൽ സ്ഥലത്തെത്തിയപ്പോഴാണ് വയലിൽ മണ്ണെടുത്ത ഭാഗത്ത് ചന്ദനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ദേവകിയാണ് ചന്ദന്റെ ഭാര്യ. മകൻ: വിഷ്ണുദാസ്, മരുമകൾ: ശോഭിത.

Content Highlights: 75-year-old Chandan found dead in a paddy field in Puthuppady, Kozhikode., Preliminary suspicion points towards sunstroke due to skin burns found on the body., The incident occurred while he was working shirtless in the field., Post-mortem examination scheduled at Kozhikode Government Medical College.