‘പയ്യന്നൂർ, തളിപ്പറമ്പ് സ്ഥാനാർഥി നിർണയത്തിൽ പാളി, വെള്ളാപ്പള്ളി-പത്മകുമാർ വിഷയങ്ങളിലും പോരായ്മ’

#ന്യൂസ് ഡെസ്ക്
പുത്തലത്ത് ദിനേശൻ, സിപിഎമ്മിന്റെ കൊടി | Photo: Mathrubhumi
പുത്തലത്ത് ദിനേശൻ, സിപിഎമ്മിന്റെ കൊടി | Photo: Mathrubhumi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽവന്ന പല പോരായ്മകളും സൂക്ഷ്മതലത്തിലുണ്ടായ വീഴ്ചകളും പരാജയത്തിനിടയാക്കിയ ഘടകങ്ങളാണെന്ന ഫെയ്‌സ്ബുക്ക് കുറിപ്പുമായി പുത്തലത്ത് ദിനേശൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആറുകൊല്ലം അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ദിനേശൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ എടുത്ത തീരുമാനങ്ങൾ ഗുണം ചെയ്തില്ല, ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരേ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നടപടി എടുക്കാത്തത് പോരായ്മയായി, വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളോട് കുറേക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്നതിൽ പോരായ്മ സംഭവിച്ചു എന്നിങ്ങനെ പല കാരണങ്ങൾ ദിനേശൻ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുത്തലത്ത് ദിനേശന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ് രംഗത്തുവന്ന ചില പോരായ്മകൾ

***************************

നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്നിട്ടുള്ള പല പോരായ്മകളും സൂക്ഷ്മ തലത്തിൽ ഉണ്ടായിട്ടുള്ള വീഴ്ച്ചകളും പരാജയത്തിന് ഇടയാക്കിയ ഘടകങ്ങളാണ്. പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ എടുത്ത തീരുമാനങ്ങൾ ഗുണം ചെയ്തില്ല.

ശബരിമല ദേവസ്വം ബോർഡ് അയ്യപ്പ സംഗമം പോലുള്ള പരിപാടികൾ നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, അത് സർക്കാർ പരിപാടിയാണെന്ന പ്രചരണമാണ് യു.ഡി.എഫും, വലതുപക്ഷ മാധ്യമങ്ങളും നടത്തിയത്. ഇത് പൊതുവിൽ ജനങ്ങളെ സ്വാധീനിക്കുന്ന ഘടകമായി മാറി. അതോടൊപ്പം ആർ.എസ്.എസ് പശ്ചാത്തലമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പ്രസ്തുത സമ്മേളനത്തിൽ വായിച്ചതും ശരിയായിരുന്നുമില്ല.

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജയിലിലായിരിക്കുന്ന സമയത്ത് നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എങ്കിലും, അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണ്. പാർടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച 6 പേർ എൽ.ഡി.എഫിനെതിരായി മത്സരിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതിന് ഇടയാക്കി. പാർലമെന്ററി താൽപര്യങ്ങൾ പാർടി പ്രവർത്തകരിൽ കടന്നുവരാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് സി.പി.ഐ.എമ്മിനുള്ള വിയോജിപ്പ് വ്യക്തമാക്കിയതാണ്. എന്നാൽ, കുറേക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്ന കാര്യത്തിൽ പോരായ്മ സംഭവിച്ചു. ഇത് എതിരാളികൾക്ക് തെറ്റായ പ്രചരണത്തിന് അവസരം നൽകി.

പ്രകടന പത്രികയിലെ കാഴ്ചപ്പാടുകൾ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും പോരായ്മ സംഭവിക്കുകയുണ്ടായി. എൽ.ഡി.എഫ് മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് മുദ്രാവാക്യം കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ ജനങ്ങളെ ആകർഷിക്കുന്ന സ്ഥിതിയുണ്ടായില്ല.

യു.ഡി.എഫ് നടത്തിയ കള്ള പ്രചാരവേലകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും പോരായ്മ സംഭവിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കുന്നതിന് ഇടയാക്കി. ജനങ്ങൾക്കിടയിൽ കൂടുതൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നതിനുള്ള പോരായ്മകൾ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകളിലും ഉണ്ടായി. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിൽ വിവിധ ഘടകങ്ങൾക്ക് പോരായ്മ സംഭവിച്ചു.

പാർടി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി വന്ന പോരായ്മകൾ തിരുത്തുന്നതിനുള്ള ഇടപെടലാണ് സി.പി.ഐ.എമ്മിന്റെ വിപുലമായ സംസ്ഥാന കമ്മിറ്റിയിലൂടെ ലക്ഷ്യം വെക്കുന്നത്. പാർടിയിലുടനീളം ചർച്ച ചെയ്തതും വിവിധ വിഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും പരിശോധിച്ചുകൊണ്ടുള്ള കർമ്മ പദ്ധതികളാണ് സി.പി.ഐ (എം) ലക്ഷ്യം വെക്കുന്നത്.

1957, 1967, 1980 തുടങ്ങിയ കാലങ്ങളിൽ രണ്ടുവർഷം മാത്രമാണ് ഭരണത്തിൽ എൽ.ഡി.എഫുണ്ടായിരുന്നത്. 1987 ൽ നാലുവർഷവും ഭരണത്തിലിരുന്നു. 1996 ലാണ് ആദ്യമായി അഞ്ചുവർഷം ഭരിക്കുന്ന സ്ഥിതിയുണ്ടായത്. 2016 ലാണ് തുടർ ഭരണം ലഭിച്ചിട്ടുള്ളത്. 1977 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ പൊതുവിൽ കോൺഗ്രസ്സിന് പരാജയമായിരുന്നു. എന്നാൽ കേരളത്തിൽ സി.പി.ഐ (എം) നേതൃത്വത്തിലുള്ള മുന്നണിയ്ക്ക് 17 സീറ്റാണ് ലഭിച്ചത്. ലോക സഭയിൽ സീറ്റൊന്നുമുണ്ടായിരുന്നില്ല. പിന്നീട് നിയമസഭയിൽ 99 സീറ്റിലേക്കും ലോക സഭയിൽ 18 സീറ്റിലേക്കുമെല്ലാം എത്തുന്ന നിലയുമുണ്ടായിട്ടുണ്ട്.

ഓരോ ഘടത്തിലുമുണ്ടാകുന്ന തിരിച്ചടികളെ പരിശോധിച്ച് തിരുത്തികൊണ്ടാണ് പാർടി മുന്നോട്ടുപോയത്. പുതിയ കാലഘട്ടത്തിൽ ആഗോള തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പ്രശ്നങ്ങളെ വിശകലനം ചെയ്ത് മുന്നോട്ടു പോകുന്ന സമീപനമാണ് പാർടി സ്വീകരിക്കുന്നത്. പാർടി സംഘടനയേയും ബഹുജനങ്ങളെ ആകെയും അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് പുതിയ സംഘടനാ സമീപനത്തിലേക്കാണ് പാർടി കടക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തെരഞ്ഞെടുപ്പും വർഗ സമരത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങളെ തൊഴിലാളി വർഗ രാഷ്ട്രീയത്തോടൊപ്പം അണിനിരത്താനുള്ള സമരത്തിന്റെ ഒരു ഉപകരണമായാണ് പാർടി തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇപ്പോൾ നടക്കുന്ന തെറ്റായ പ്രചാരവേലകളെയെല്ലാം അതിജീവിച്ച് പോരായ്മകൾ തിരുത്തി പാർടി കൂടുതൽ കരുത്തോടെ മുന്നോട്ടുവരും. കഴിഞ്ഞ ഒരു മാസക്കാലത്തെ യു.ഡി.എഫ് ഭരണം സ്വീകരിക്കുന്ന സമീപനം എൽ.ഡി.എഫ് ഭരണത്തിന്റെ സവിശേഷതകളെ കൂടുതൽ ഓർമ്മിപ്പിക്കുന്നുണ്ടെന്നത് ഇവിടെ ചേർത്തുവായിക്കേണ്ടതാണ്

Content Highlights: Admission of tactical failures in Payyannur and Taliparamba candidate selection., Critique of the handling of the Sabarimala Ayyappa Sangamam and A. Padmakumar issue., Acknowledgment of ineffective communication regarding Vellappally Natesan's remarks., Emphasis on strengthening organizational structure and correcting past campaign errors., Reiteration of the party's commitment to class struggle and future electoral growth.