മുഖ്യമന്ത്രിയായിട്ടും കളവ് പറയുന്നതിന് ഒരു മാറ്റവുമില്ല, പുനർജനിയിൽ ഹൈക്കോടതിയിൽ കേസുണ്ട്- ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായിട്ടും കളവ് പറയുന്നതിന് വി.ഡി. സതീശന് ഒരു മാറ്റവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുനർജനി കേസിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെള്ളപൂശിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
പുനർജനി കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഇപ്പോഴും ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് കേസ് നൽകിയത് എന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ വേട്ടയാടലാണെന്നായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 2020-ൽ തന്റെതന്നെ ആവശ്യപ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടുകൾ ഒന്നുമില്ലെന്ന് റിപ്പോർട്ട് നൽകിയതാണ്. പിന്നീട് ഹൈക്കോടതിയും ഈ പരാതികൾ തള്ളിയതാണ്. 2023-ൽ താൻ പ്രതിപക്ഷ നേതാവായപ്പോൾ വീണ്ടും അന്വേഷണം തുടങ്ങിയെങ്കിലും അഴിമതി നിരോധന നിയമപ്രകാരമോ എഫ്.സി.ആർ.ഐ പ്രകാരമോ ഉള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രണ്ട് വിജിലൻസ് ഡയറക്ടർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പിണറായി സർക്കാരിന്റെ കാലത്തുതന്നെ നൽകിയതാണെങ്കിലും അത് മൂടിവെച്ച് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
Content Highlights: CM claims no case exists regarding the Punarjani project., MV Govindan asserts the case is still pending in the High Court., CM alleges political witch-hunting and cites previous vigilance clearances., Previous vigilance reports found no violations under corruption or FCRA laws.