പി.എസ്.സി. പരീക്ഷാത്തട്ടിപ്പ്; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി. അംഗങ്ങളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുന്നു. ചെയർമാനുൾപ്പെടെയുള്ള 16 അംഗങ്ങളെയും ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ചൊവ്വാഴ്ചമുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. എന്നാൽ, ഭരണഘടനാസ്ഥാപനമായ പി.എസ്.സി.യിലെ അംഗങ്ങൾക്ക് നോട്ടീസ് നൽകിയതിൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഈ നോട്ടീസ് ചെയർമാനും അംഗങ്ങളും തള്ളി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നതിലാണ് പ്രതിഷേധം. പി.എസ്.സി. ആസ്ഥാനത്തെത്തി മൊഴിയെടുത്താൽ എതിർപ്പുണ്ടാകില്ലെന്നാണ് സൂചന. വ്യാഴാഴ്ച പോലീസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫീസുകളിൽ നോട്ടീസ് എത്തിച്ചത്. ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
നിലവിൽ കേസെടുത്തിട്ടുള്ള ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിന് അഭിമുഖം നടത്തിയത് പി.എസ്.സി. ചെയർമാന്റെ നേതൃത്വത്തിലുള്ള ബോർഡാണ്. മൂല്യനിർണയത്തിലെ അപാകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അറിയാനാണ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത്. നോട്ടീസ് മാറ്റി പുതിയത് നൽകുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരെ പ്രതികളാക്കും
ആസൂത്രണബോർഡ് ചീഫ് പരീക്ഷയിൽനടന്ന തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും. പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ പ്രതിയാക്കി കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകും. ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ചുമതല ഇവർക്കായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരക്കടലാസുകൾ പരിശോധകർക്ക് കൈമാറേണ്ടത്.
മാർക്കിട്ടശേഷം തിരികെ ലഭിക്കുമ്പോൾ രണ്ട് ഉദ്യോഗസ്ഥരും പരിശോധിക്കുകയും വേണം. എന്നാൽ, കൈമാറുമ്പോഴും തിരികെ ലഭിച്ചപ്പോഴും പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പത്ത് ഉത്തരങ്ങളാണ് ഓൺസ്ക്രീൻ മാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയത്. രണ്ട് ഉദ്യോഗസ്ഥർക്കെതിരേയുള്ള റിപ്പോർട്ട് അന്വേഷണസംഘം മേധാവി ഐ.ജി. അജിതാ ബീഗം സർക്കാരിന് കൈമാറി. ഹരിക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. സർവീസിൽനിന്ന് വിരമിച്ച സതീഷിനെതിരേയും നടപടിയുണ്ടാവും.