PSC പരീക്ഷാ ക്രമക്കേട്: ചെയർമാൻ MR ബൈജുവിനേയും അംഗങ്ങളേയും പ്രതികളാക്കി കേസ്, യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന് FIR

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെയും മറ്റ് അംഗങ്ങളെയും പ്രതികളാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിൽ നടന്ന ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അധികാര ദുർവിനിയോഗം നടത്തുകയും തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയില്ലാത്ത ആളുകൾക്ക് നിയമനം നൽകുകയും ചെയ്തു എന്നതാണ് എഫ്ഐആറിൽ പറയുന്നത്.
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയിൽ (കുഫോസ്) നിന്നുള്ള ഉദ്യോഗാർഥികളെ വഴിവിട്ട് റാങ്ക് പട്ടികയിൽ തിരുകിക്കയറ്റി എന്നതാണ് ഈ കേസിന്റെ അടിസ്ഥാനം. പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ റാങ്ക് പട്ടികയിൽ കൂടുതലായും കുഫോസിൽ നിന്നുള്ള ആളുകളാണ് ഉൾപ്പെട്ടിരുന്നത്. ഫിഷറീസ് സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരുന്നു ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്.
എസ്ഐടി ബൈജുവിനോട് ഇക്കാര്യം ചോദിച്ചിരുന്നു. യോഗ്യതയുള്ള ആളുകൾ കൂടുതലായി കുഫോസിൽ ഉള്ളതിനാലാണ് പട്ടികയിൽ അവർക്ക് മുൻഗണന വന്നതെന്ന ന്യായീകരണമാണ് പിഎസ്സി ചെയർമാൻ എസ്ഐടിയോട് പറഞ്ഞത്. അതുകൊണ്ടുതന്നെ അർഹരായ ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ വന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.
പിഎസ്സിയുമായി ബന്ധപ്പെട്ട് 150 പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിൽ നാലെണ്ണമാണ് കേസായത്. ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് നേരത്തേ എസ്ഐടി പിഎസ്സി ചെയർമാന്റെ മൊഴിയെടുത്തത്. എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് എസ്ഐടി.
Content Highlights: SIT has registered a new FIR against PSC Chairman MR Baiju and board members for official misconduct and illegally favoring unqualified KUFOS candidates in the Fisheries Extension Officer rank list.